Friday, June 1, 2012

ആദ്യ സ്വകാര്യ ബഹിരാകാശ പേടകം


പറന്നുയര്‍ന്നത് ആദ്യ സ്വകാര്യ ബഹിരാകാശ പേടകം

ലേഖകന്‍ - സാബു ജോസ് , കടപ്പാട്: ദേശാഭിമാനി കിളിവാതില്‍

ഡ്രാഗണ്‍ എന്ന ബഹിരാകാശപേടകം വിക്ഷേപിക്കപ്പെട്ടത് ചരിത്രത്തിലേക്കാണ്. ആഗോള ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയായിരുന്നു 2012 മെയ് 19ന്. ഫ്ളോറിഡയിലെ കേപ്കനാവറെല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ഡ്രാഗണ്‍ അമേരിക്കയിലെ സ്പേസ്.എക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വിക്ഷേപിച്ച് ആറുദിവസത്തിനുശേഷം, ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,700 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി കൃത്യമായി ഡോക്കിങ് നടത്തുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടുപോകുന്നതിനാണ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2015-ഓടെ ബഹിരാകാശസഞ്ചാരികളെ നിലയത്തിലെത്തിക്കുന്നതിനും തിരിച്ച് ഭൂമിയിലെത്തിക്കുന്നതിനും സാധിക്കും.

                                   

ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ പര്യാപ്തമാണ് ഡ്രാഗണ്‍. ആദ്യയാത്രയില്‍തന്നെ 521 കിലോഗ്രാം സാമഗ്രികള്‍ വഹിച്ചുകൊണ്ടുപോകുന്ന സ്പേസ്ക്രാഫ്റ്റ് മടക്കയാത്രയില്‍ ബഹിരാകാശനിലയത്തില്‍നിന്നുള്ള അവശിഷ്ടങ്ങളടക്കം 660 കിലോഗ്രാം സാമഗ്രികളുമായാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഡ്രാഗണ്‍ക്രാഫ്റ്റ് ഒരാഴ്ചയ്ക്കുശേഷം പസഫിക്സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നതിനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. അതിനുമൊരു സവിശേഷതയുണ്ട്. നിലവിലുള്ള കാര്‍ഗോഷിപ്പുകള്‍ ഉപയോഗത്തിനുശേഷം റീ-എന്‍ട്രി സമയത്ത് കത്തിച്ചുകളയുകയാണ് പതിവ്. എന്നാല്‍ ആദ്യമായി സുരക്ഷിതമായി തിരിച്ചിറങ്ങുന്ന കാര്‍ഗോഷിപ്പെന്ന ബഹുമതിയും ഡ്രാഗണ്‍ക്രാഫ്റ്റിനാകും. 19 അടി നീളവും 12 അടി പാദവ്യാസവുമുള്ള ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റിന് ഒരു വലിയ മണിയുടെ ആകൃതിയാണ്. മറ്റു കാര്‍ഗോഷിപ്പുകളില്‍നിന്നു വ്യത്യസ്തമായി പുനരുപയോഗക്ഷമമാണെന്നത് ഡ്രാഗണിന്റെ മാത്രം സവിശേഷതയാണ്.

                                             

450 കിലോഗ്രാമിലേറെ ഭഭാരവാഹകശേഷിയുള്ള ഡ്രാഗണ്‍ പ്രധാനമായും അസ്ട്രോനോട്ടുകളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണം ഇനി കുറേക്കൂടി സുഗമവും ചെലവുകുറഞ്ഞതുമായിരിക്കുമെന്നാണ് സ്പേസ്.എക്സ് കമ്പനിയുടെ വാഗ്ദാനം. ബഹിരാകാശ വിനോദസഞ്ചാരികള്‍ക്ക് ടാക്സിയായും കാര്‍ഗോഷിപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 2015ല്‍തന്നെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. നാസയുടെ കൊമേഴ്സ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ് (Cots) പദ്ധതിപ്രകാരം ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്ന പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെട്ടത്. ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്.എക്സ് ആണ് ഈ സ്പേസ് ക്രാഫ്റ്റിന്റെ നിര്‍മാതാക്കള്‍. അതിശക്തമായ ഫാല്‍ക്കണ്‍ - 9 റോക്കറ്റ് ഉപയോഗിച്ചാണ് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചിരിക്കുന്നത്. ഫാല്‍ക്കണിന്റെ മൂന്നാമത്തെ വിക്ഷേപണമാണിത്. ഇതിനുമുമ്പ് 2010 ജൂണിലും 2010 ഡിസംബറിലും പരീക്ഷണ വിക്ഷേപണം നടത്തി മികവു തെളിയിച്ച ഫാല്‍ക്കണ്‍ ആദ്യമായാണ് സ്പോസ്ക്രാഫ്റ്റും വഹിച്ചുകൊണ്ട് വിക്ഷേപിക്കപ്പെടുന്നത്. സ്പേസ്.എക്സിനെ കൂടാതെ നാസയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വേറെയും കമ്പനികള്‍ സ്പേസ് ക്രാഫ്റ്റുകളുടെ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുണ്ട്. ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് അടുത്ത ഊഴം. ഈ വര്‍ഷം അവസാനത്തോടെ (2012 ഒക്ടോബറിലാണ് പ്രതീക്ഷിക്കപ്പെടുന്നത്) സിഗ്നസ് എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കപ്പെടും. അന്റാറസ് റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2013 ജനുവരിയില്‍തന്നെ ഓര്‍ബിറ്റര്‍ കോര്‍പറേഷന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാവശ്യമായ സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള എട്ടു ദൗത്യങ്ങള്‍ നടത്താന്‍ ആരംഭിക്കും.


                                   

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യന്ത്രസാമഗ്രികളും ബഹിരാകാശസഞ്ചാരികളുടെ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം എത്തിക്കുന്നത് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ എടിവിയും (Automated Transfer Vehicle) റഷ്യയുടെ പ്രോഗ്രസ് സപ്ലൈ ഷിപ്പും ഉപയോഗിച്ചാണ്. ആ നിരയിലേക്കാണ് ഇപ്പോള്‍ സ്വകാര്യ സംരംഭമായ സ്പേസ്.എക്സ് കടന്നുവന്നിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നാസയുടെ ബഹിരാകാശ പദ്ധതികള്‍ പലതും മുടങ്ങുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നാസ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വീണ്ടും പര്യവേക്ഷണത്തിനു തുടക്കമിട്ടത്. സ്പേസ്.എക്സ് കമ്പനി 100കോടി ഡോളറാണ് പദ്ധതിക്ക് മുതല്‍മുടക്കുന്നത്.

No comments:

Post a Comment