Wednesday, December 26, 2012

അല്‍മ മിഴി തുറന്നു

അല്‍മ മിഴി തുറന്നു
ലേഖകന്‍ - സാബു‍ ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ജ്യോതിശാസ്ത്രചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമായതും ചെലവേറിയതുമായ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം സജീവമായി. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥാപിച്ച അല്‍മ ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമായ ദൂരദര്‍ശിനിയാണ്. ഭഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ട ടെലസ്കോപ്പ്, ഏറ്റവും ഉയര്‍ന്ന വ്യക്തതയുള്ള പ്രപഞ്ചചിത്രങ്ങള്‍ നല്‍കുന്ന വാനനിരീക്ഷണകേന്ദ്രം, ഏതു ബഹിരാകാശ ടെലസ്കോപ്പിനേക്കാളും വ്യക്തമായ കാഴ്ചനല്‍കുന്ന പര്യവേക്ഷണനിലയം, ഏറ്റവും വലുതും സംവേദനക്ഷമവുമായ അനുബന്ധ ഉപകരണങ്ങള്‍ സജ്ജീകരിച്ച ഒബ്സര്‍വേറ്ററി, ഏറ്റവും നവീനമായ സോഫ്റ്റ്വെയര്‍സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന നിരീക്ഷണ നിലയം. ഇതെല്ലാം ഒത്തുചേര്‍ന്ന അല്‍മ സെപ്തംബര്‍ 30 ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ ജ്യോതിശാസ്ത്ര ഗവേഷണ മേഖലയില്‍ ഇനി പുതിയ വാര്‍ത്തകള്‍ക്കു കാത്തിരിക്കാം. ഈ വാനനിരീക്ഷണ കേന്ദ്രത്തിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം 2013ലേ ആരംഭിക്കുകയുള്ളുവെങ്കിലും ഇപ്പോള്‍ തന്നെ സജീവസാന്നിധ്യം തെളിയിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ .

12 മീറ്റര്‍വരെ വ്യാസമുള്ള 66 റേഡിയോ ടെലസ്കോപ്പുകള്‍ ഓപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് അതിവിദഗ്ധമായി ബന്ധിപ്പിക്കുകയും 16 കിലോമീറ്റര്‍ ചുറ്റളവില്‍ അവയുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യാന്‍കഴിയുന്ന നിരീക്ഷണകേന്ദ്രത്തിന്റെ കലക്ടിങ് ഏരിയ 71,000 ച.അടിയാണ്. 1.3 ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ജനനത്തെക്കുറിച്ചാണ് അല്‍മ ആദ്യമായി പഠിക്കുന്നത്. പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രങ്ങള്‍ , അവയുടെ ഘടന, ആകാശഗംഗയിലെ ഗ്രഹരൂപീകരണം, ഇവയെക്കുറിച്ചെല്ലാം വളരെ വ്യക്തതയുള്ള ചിത്രങ്ങളും കൃത്യമായ വിവരങ്ങളും അല്‍മ നല്‍കും. ഗലീലിയോയുടെ ടെലസ്കോപ്പുമുതല്‍ ഇങ്ങോട്ടുള്ള വാനനിരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമായാണ് ശാസ്ത്രലോകം അഘങഅ യെ കാണുന്നത്. പതിനാറുവര്‍ഷം മുമ്പ്, 1995ലാണ് അല്‍മ പദ്ധതി ആസൂത്രണംചെയ്തത്. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി , യുഎസിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ , കനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ , നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാന്‍ , തായ്വാനിലെ അക്കാഡെമിയ സിനിക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് , ചിലി റിപ്പബ്ലിക് എന്നിവരാണ് പദ്ധതിയുടെ പങ്കാളികള്‍ . ഈ സംരംഭത്തിന്റെ ഭാഗമായി 2011 ഒക്ടോബര്‍ 12 മുതല്‍ 14 വരെയും 2012 മാര്‍ച്ച് മൂന്നുമുതല്‍ ആറുവരെയും വിര്‍ജിനിയയില്‍ നടത്തുന്ന അല്‍മ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ശില്‍പ്പശാലയിലേക്ക് എല്ലാ പ്രമുഖ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളെയും നോര്‍ത്ത് അമേരിക്കന്‍ അല്‍മ സയന്‍സ് സെന്റര്‍ ക്ഷണിച്ചിട്ടുണ്ട്.

No comments:

Post a Comment