Sunday, August 18, 2013

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍
എന്‍ എസ് അരുണ്‍കുമാര്‍

മറക്കാനാവുമോ പ്ലൂട്ടോയെ? 2006ല്‍ "ഗ്രഹപദവി" നഷ്ടമായതിനെത്തുടര്‍ന്ന് വിസ്മൃതിയിലാവുകയായിരുന്നു പ്ലൂട്ടോ. 2006 ആഗസ്ത് 24നാണ് "ഗ്രഹം" എന്നാലെന്ത് എന്ന് നിര്‍വചിക്കുന്നതിലൂടെ അസ്ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ ഗ്രഹപദവിയില്‍നിന്നു പുറത്താക്കുന്നത്. സൗരയൂഥത്തിന്റെ അതിര്‍ത്തിദേശങ്ങളിലൂടെ ഭൂമിയെ ചുറ്റുന്ന അനവധി "കുള്ളന്‍ഗ്രഹ" ങ്ങളില്‍ ഒന്നുമാത്രമാണ് പ്ലൂട്ടോ എന്ന തീരുമാനമായിരുന്നു അസ്ട്രോണമിക്കല്‍ യൂണിയന്റേത്. അതിനുശേഷം ഇതാദ്യമായാണ് പ്ലൂട്ടോയെ സംബന്ധിക്കുന്ന മറ്റൊരു കാര്യത്തില്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ തീരുമാനമെടുക്കുന്നത്.

പ്ലൂട്ടോയുടെ പുതുതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് ഔദ്യോഗികനാമങ്ങള്‍ നിശ്ചയിച്ചുനല്‍കിയതാണ് പ്ലൂട്ടോയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. നിലവില്‍ പ്ലൂട്ടോയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ക്കാണ് ഔദ്യോഗികനാമം ഉണ്ടായിരുന്നത്. ഷാരോണ്‍ , നിക്സ് ഹൈഡ്ര (ഒ്യറൃമ) എന്നിവയായിരുന്നു അവ. ഇവയെക്കൂടാതെ രണ്ട് ഉപഗ്രഹങ്ങള്‍കൂടി പ്ലൂട്ടോയ്ക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. 2011 ജൂലൈ 20ന് ഹബ്ബിള്‍ ടെലസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണമാണ് പ്ലൂട്ടോയ്ക്ക് നാലാമതായി ഒരു ഉപഗ്രഹംകൂടി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, പുതിയ കണ്ടെത്തല്‍, അസ്ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിക്കേണ്ടതുള്ളതിനാല്‍ അതിന് "പി4" (ജ4) എന്ന താല്‍ക്കാലിക നാമമാണ് നല്‍കിയിരുന്നത്. ഒരുവര്‍ഷം കഴിഞ്ഞ്, 2012 ജൂലൈ 11ന്, പ്ലൂട്ടോയുടെതന്നെ അഞ്ചാമതൊരു ഉപഗ്രഹംകൂടി കണ്ടെത്തി. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹം എന്ന അര്‍ഥത്തില്‍ "പി5" (ജ5) എന്ന (താല്‍ക്കാലിക) നാമമാണ് അതിനു നല്‍കിയത്. ഈ രണ്ടു പുതിയ ഉപഗ്രഹങ്ങള്‍ക്കുമാണ് അസ്ട്രോണമിക്കല്‍ യൂണിയന്‍ പുതിയ ഔദ്യോഗികനാമങ്ങള്‍ നല്‍കി അംഗീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച്, പ്ലൂട്ടോയുടെ നാലാം ഉപഗ്രഹത്തിന്റെ പേര് "കെര്‍ബെറൊസ്" എന്നാകും. അഞ്ചാം ഉപഗ്രഹത്തിന്റേത് "സ്റ്റൈക്സ്" എന്നും.

2013ന്റെ തുടക്കത്തില്‍, ഇന്റര്‍നെറ്റിലൂടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെയായിരുന്നു പ്ലൂട്ടോയുടെ പുതിയ ഉപഗ്രഹങ്ങള്‍ക്കായുള്ള നാമനിര്‍ദേശം സ്വീകരിച്ചത്. എന്നാല്‍, ഏറ്റവുമധികം പേര്‍ നിര്‍ദേശിച്ച പേര് അസ്ട്രണോമിക്കല്‍ യൂണിയന്‍ സ്വീകരിക്കുകയുണ്ടായില്ല. "വള്‍ക്കന്‍" എന്നതായിരുന്നു ഏറ്റവുമധികം അഭിപ്രായവോട്ട് നേടിയ പേര്. അസ്ട്രോണമിക്കല്‍ യൂണിയന്റെ നിയമപ്രകാരം, ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട പേരാണ് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും നിര്‍ദേശിക്കേണ്ടത്. ഇതനുസരിച്ചുതന്നെയായിരുന്നു "വള്‍ക്കന്‍" എന്ന നാമനിര്‍ദേശം. ഗ്രീക് പുരാണപ്രകാരം അഗ്നിപര്‍വതങ്ങളുടെ ദേവനായിരുന്നു "വള്‍ക്കന്‍". എന്നാല്‍, ബുധഗ്രഹത്തിന്റെ പരിക്രമണ പാതയ്ക്കുള്ളിലൂടെ സൂര്യനെ ചുറ്റുന്നതായി കരുതുന്ന ഒരു ഗ്രഹത്തിന് ആ പേരു നല്‍കി എന്ന ന്യായംപറഞ്ഞാണ് "വള്‍ക്കന്‍" എന്ന പേര്, അസ്ട്രോണമിക്കല്‍ യൂണിയന്‍ "വീറ്റോ" ചെയ്തത്. ഇപ്പോള്‍ തെരഞ്ഞെടുത്ത "കെര്‍ബെറൊസ്" എന്ന പേരില്‍ ഒരു ഛിന്നഗ്രഹത്തിന്റെ നാമകരണം അസ്ട്രണോമിക്കല്‍ യൂണിയന്‍ മുമ്പു നിര്‍വഹിച്ചിട്ടുണ്ട്. "1865 സെര്‍ബെറസ്" എന്ന പേരില്‍. "സെര്‍ബറസ്" എന്നതിന്റെ ഗ്രീക് രൂപാന്തരമാണ് "കെര്‍ബെറൊസ്" എന്നത്. "

ന്യൂ ഹൊറെസണി"നു വിനയാവുമോ?
"വളരെ അച്ചടക്കത്തോടെ നീങ്ങുന്ന പട്ടാളക്കാരെപ്പോലെ..." പ്ലൂട്ടോയുടെ പുതിയ ഉപഗ്രഹങ്ങളെ മാര്‍ക് ഷൂവാള്‍ട്ടര്‍ എന്ന വാനനിരീക്ഷകന്‍ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹമായ "സ്റ്റൈക്സി"നെ കണ്ടെത്തിയ ഗവേഷണസംഘത്തിന്റെ തലവനാണ് മാര്‍ക് ഷൂവാള്‍ട്ടര്‍. പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങളും, കൃത്യമായും വൃത്താകാരത്തിലുള്ള പരിക്രമണ പാതയിലൂടെ സഞ്ചരിക്കുന്നവയാണ്. മാത്രമല്ല, മറ്റ് ഉപഗ്രഹങ്ങളുടെ പരിക്രമണപഥങ്ങളും പുതിയ ഉപഗ്രഹങ്ങളുടെ പരിക്രമണ പാതയും ഒരേതലത്തിലുള്ളതാണ്. എന്നാല്‍ ഇതിലുപരി, മാര്‍ക് ഷൂവാള്‍ട്ടറിന്റെ അഭിപ്രായപ്രകടനത്തിന് മറ്റൊരു അര്‍ഥതലംകൂടി ഉണ്ടെന്നത് ശ്രദ്ധേയമാണ്. 2015 ജൂലൈ 15ന്, പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നതരത്തില്‍ "നാസ" വിട്ടയച്ചിരിക്കുന്ന പര്യവേക്ഷണ ദൗത്യമാണ് "ന്യൂ ഹൊറൈസണ്‍സ്" . പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ഏറ്റവും ഉള്ളിലുള്ള ഷാരോണിന് വളരെ അടുത്തുകൂടി പറക്കുകയും മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കുകയുമാണ് "ന്യൂ ഹൊറൈസണി"ന്റെ വിക്ഷേപണലക്ഷ്യം. 2006 ജനുവരി 19നാണ് അമേരിക്ക "ന്യൂ ഹൊറൈസണ്‍" വിക്ഷേപിച്ചത്. അന്ന്, പ്ലൂട്ടോയ്ക്ക് പുതിയ രണ്ട് ഉപഗ്രഹങ്ങളുള്ള കാര്യം വെളിപ്പെട്ടിട്ടില്ലായിരുന്നു. അതിനാല്‍, "ന്യൂഹൊറൈസണ്‍" ഇവയിലേതെങ്കിലുമായി കൂട്ടിയിടിക്കുമോ എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്.

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍

1. ഷാരോണ്‍
പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ആദ്യം കണ്ടെത്തിയതും ഏറ്റവും വലുതും ഷാരോണാണ്. 1978ല്‍ ജെയിംസ് ക്രിസ്റ്റി എന്ന വാനനിരീക്ഷകനാണ് ഷാരോണിനെ കണ്ടെത്തിയത്. പ്ലൂട്ടോയും ഷാരോണും പരസ്പരം പരിക്രമണം ചെയ്യുന്നവയാണ് എന്ന പ്രത്യേകതയുണ്ട്.

2. നിക്സ്
വാനനിരീക്ഷകരുടെ രണ്ട് വ്യത്യസ്ത സംഘടനകള്‍ 2005 മെയ്, ജൂണ്‍ മാസങ്ങളിലായാണ് "നിക്സി"നെ കണ്ടെത്തിയത്. ഗ്രീക് പുരാണപ്രകാരം "ഇരുട്ടിന്റെ മാതാവാ" ണ് "നിക്സ്" . അസ്ട്രോണമിക്കല്‍ യൂണിയന്‍ നല്‍കിയ പേരില്‍ സ്പെല്ലിങ് "ചകത" എന്നാണ്.

3. ഹൈഡ്ര
ഹെര്‍ക്കുലീസുമായി യുദ്ധംചെയ്ത, ആറുതലയുള്ള സര്‍പ്പത്തിന്റെ പേരാണ്, ഗ്രീക് പുരാണപ്രകാരം ഹൈഡ്ര. "നിക്സി"നെ കണ്ടെത്തിയ അതേ ഗവേഷസംഘം, അതേ കാലയളവില്‍ (2005 മെയ്, ജൂണ്‍)ത്തന്നെയാണ് "ഹൈഡ്ര"യെയും കണ്ടെത്തിയത്. ഹബ്ബിള്‍ ടെലസ്കോപ്പ് ശേഖരിച്ച ചിത്രങ്ങളാണ് കണ്ടെത്തലിലേക്കു നയിച്ചത്.

4. കെര്‍ബെറൊസ്
പ്ലൂട്ടോയുടെ നാലാം ഉപഗ്രഹമായി 2011 ജൂലൈയിലാണ് തിരിച്ചറിയപ്പെട്ടതെങ്കിലും, ഹബ്ബിള്‍ ടെലസ്കോപ്പ് 2006 ഫെബ്രുവരിയില്‍ ശേഖരിച്ച ഫോട്ടോകളില്‍പ്പോലും "കെര്‍ബെറൊസി"ന്റെ മങ്ങിയ രൂപം ദൃശ്യമായിരുന്നു. പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ "സ്റ്റൈക്സ്" കഴിഞ്ഞാല്‍ ഏറ്റവും ചെറുത് "കെര്‍ബെറൊസ്" ആണ്.

5. സ്റ്റൈക്സ്
ഗ്രീക് പുരാണം അനുസരിച്ച് മരണാനന്തര ലോകത്തിന്റെ അധിപനായ പ്ലൂട്ടോയുടെ കൊട്ടാരത്തിന് കാവല്‍നില്‍ക്കുന്ന നായയാണ് "സ്റ്റൈക്സ്". പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ഏറ്റവും ഒടുവിലായി കണ്ടെത്തിയതും ഏറ്റവും ചെറുതും "സ്റ്റൈക്സ്" ആണ്. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹമാണ് "സ്റ്റൈക്സ്".

No comments:

Post a Comment