Thursday, October 31, 2013

ഭൗമജീവന്‍ ചൊവ്വയിലോ?

ഭൗമജീവന്‍ ചൊവ്വയിലോ?

റിപ്പോര്‍ട്ട് കടപ്പാട്: സാബുജോസ്,  ദേശാഭിമാനി കിളിവാതില്‍

ഭൂമിയില്‍ ജീവന്റെ വിത്തു പാകിയത് ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണത്രെ! ഭൗമജീവന്റെ ഉത്ഭവം ചൊവ്വയില്‍നിന്നാണെന്നതിന്റെ തെളിവു ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് അമേരിക്കയിലെ വെസ്റ്റ് ഹെയ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജിയോകെമിസ്റ്റ് പ്രൊഫ. സ്റ്റീവന്‍ബെന്നറാണ്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ആഗസ്ത് അവസാനവാരം നടന്ന ഗോള്‍ഡ്ഷ്മിറ്റ് 2013 സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ഉല്‍ക്കാശിലകളില്‍ കണ്ടെത്തിയ മോളിബ്ഡിനം മൂലകത്തിന്റെ ഓക്സീകരിക്കപ്പെട്ട ധാതുരൂപമാണ് ഇതിനു തെളിവായി പ്രൊഫ. ബെന്നര്‍ അവതരിപ്പിക്കുന്നത്. ഓര്‍ഗാനിക് സംയുക്തങ്ങള്‍ പിന്നീട് ജീവകോശങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ചത് ഈ ധാതുവാണത്രെ. 300 കോടി വര്‍ഷം മുമ്പാണിത്. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ആ കാലത്ത് ഭൗമാന്തരീക്ഷത്തിലെയും മണ്ണിലെയും ഓക്സിജന്റെ അളവ് നാമമാത്രമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഓക്സീകരിക്കപ്പെട്ട മോളിബ്ഡിനം ധാതു ഭൂമിയിലുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ചൊവ്വയിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഓക്സിജന്‍ സമൃദ്ധമായ, കട്ടിയുള്ള അന്തരീക്ഷം ചൊവ്വയ്ക്കു ചുറ്റും നിലനിന്നിരുന്നു. ഗ്രഹത്തിന്റെ വലുപ്പക്കുറവും ഭൂമിക്കുള്ളതുപോലെയുള്ള കാന്തികക്ഷേത്രത്തിന്റെ അഭാവവും കാരണം ചൊവ്വയുടെ അന്തരീക്ഷം ക്രമേണ നഷ്ടപ്പെടുകയാണുണ്ടായത്.

300 കോടി വര്‍ഷം മുമ്പ് ഓക്സിജന്‍ സമ്പന്നമായ ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണ് ഭൂമിയില്‍ ജീവന്റെ വിത്തു പാകിയതെന്നാണ് പ്രൊഫ. ബെന്നര്‍ വാദിക്കുന്നത്. ജീവന്റെ എല്ലാ രൂപങ്ങളും ഉത്ഭവിച്ചത് ഓര്‍ഗാനിക് സംയുക്തങ്ങളില്‍നിന്നാണ്. എന്നാല്‍ ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് ഊര്‍ജം പ്രവഹിക്കുമ്പോള്‍ അവ നേരിട്ട് ജീവനായി പരിവര്‍ത്തനം ചെയ്യുകയല്ല, മറിച്ച് ടാര്‍, അസ്ഫാള്‍ട്ട്പോലെയുള്ള സങ്കീര്‍ണ ഘടനയുള്ള സംയുക്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്ന ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നത് ബോറോണ്‍, മോളിബിഡിനം തുടങ്ങിയ മൂലകങ്ങളാണ്. ചൊവ്വയിലെ ഉല്‍ക്കാശിലകളില്‍ ധാരാളമായി ബോറോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ മോളിബ്ഡിനവും കണ്ടെത്തിയതായാണ് പ്രൊഫ. ബെന്നര്‍ അവകാശപ്പെടുന്നത്. ജീവന്‍ ഒരു കൊച്ചു കല്ലില്‍ ചൊവ്വയില്‍നിന്ന് ഭൂമിയില്‍ പറന്നിറങ്ങിയാതാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം!

ഇതിനിടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിനു കീഴെ 400 കോടി വര്‍ഷം മുമ്പുണ്ടായിരുന്ന സമുദ്രത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. 400 കോടി വര്‍ഷം മുമ്പ് ചൊവ്വാഗ്രഹത്തിന്റെ താപനില ഇന്നത്തെക്കാള്‍ ഉയര്‍ന്നതും ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തവുമായിരുന്നു. അതുകൂടാതെ, 300 കോടി വര്‍ഷം മുമ്പ് ഒരു വലിയ ധൂമകേതു പതിച്ചതുവഴി ഉണ്ടായ ഒരു കൊച്ചുസമുദ്രത്തിന്റെ അടയാളങ്ങളും ചൊവ്വയില്‍ കണ്ടെത്തിക്കഴിഞ്ഞു. ധൂമകേതുവിന്റെ ആക്രമണം ധ്രുവമേഖലയിലെ മഞ്ഞുരുകാന്‍ ഇടയാക്കിയതാണ് ഈ കൊച്ചുസമുദ്രത്തിന്റെ പിറവിക്കു കാരണമായത്. മാര്‍സ് പ്രോബില്‍ ഘടിപ്പിച്ചിട്ടുള്ള മാര്‍സിസ് റഡാറാണ് ഈ പ്രാചീന സമുദ്രത്തിന്റെ അടയാളങ്ങള്‍ ഒപ്പിയെടുത്തത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി ചൊവ്വാഗ്രഹത്തിന്റെ വടക്കന്‍ സമതലത്തില്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.

ഈ പ്രദേശത്തെ മണ്ണിന്റെ താഴ്ന്ന സാന്ദ്രതയാണ് ശാസ്ത്രജ്ഞരെ ആകര്‍ഷിച്ചത്. 2011 ഡിസബറില്‍ ഓസ്ട്രേലിയയില്‍ നടത്തിയ അസ്ട്രോബയോളജിസ്റ്റുകളുടെ സമ്മേളനം ചൊവ്വാഗ്രഹത്തിന്റെ മൂന്നുശതമാനം ഭാഗം വാസയോഗ്യമേഖല യാണെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, ഈ മേഖല ഗ്രഹോപരിതലത്തിനടിയിലാണെന്നതാണ് ഏറെ കൗതുകം. ഈ മേഖലയില്‍ ഏകകോശ ജീവികള്‍മുതല്‍ മൂട്ടകള്‍വരെയുള്ള ജീവികളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭൂമിക്കുള്ളതുപോലെ ശക്തമായ കാന്തികക്ഷേത്രം ചൊവ്വയ്ക്കു ചുറ്റും ഇല്ലാത്തതുകൊണ്ട് സൗരവികിരണങ്ങളുടെ ആക്രമണത്തില്‍നിന്ന് ഗ്രഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഗ്രഹോപരിതലം വാസയോഗ്യവുമല്ല. സൂര്യനില്‍നിന്ന് ഏകദേശം 22.5 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതല താപനില ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തമല്ലെങ്കിലും ഉപരിതലത്തിനടിയിലെ ഉയര്‍ന്ന മര്‍ദവും അതുണ്ടാക്കുന്ന കൂടിയ ചൂടും ഒഴുകുന്ന ജലത്തെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണുള്ളത്. ഗ്രഹകേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന താപം ബാക്ടീരിയങ്ങള്‍പോലെയുള്ള സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. നാസയുടെ ന്യൂക്ലിയര്‍ സ്പേസ് പ്രോബും മാര്‍സ് സയന്‍സ് ലബോറട്ടറിയും ക്യൂരിയോസിറ്റി റോവറുമെല്ലാം ചൊവ്വയിലെ ജീവനെത്തന്നെയാണ് തെരയുന്നത്.

ഉപരിതലം കുഴിച്ചു പരിശോധിക്കുന്നതിലൂടെ സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. 2009ല്‍ത്തന്നെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേയിന്‍ ബാഷ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മീഥേയിന്‍ സാന്നിധ്യം വിരല്‍ചൂണ്ടുന്നത് ജൈവമണ്ഡലത്തിന്റെ സാധ്യതയിലേക്കാണ്. ഉപരിതല പാളികള്‍ക്കിടയില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്ന സൂക്ഷ്മജീവികളിലേക്കാണ്. ഒരുകാര്യം വ്യക്തമാണ്. ഭൂമിയെപ്പോലെത്തന്നെ ചൊവ്വയും അതിന്റെ മാതൃനക്ഷത്രമായ സൂര്യന്റെ വാസയോഗ്യമേഖലയില്‍ത്തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ജീവന്റെ നിര്‍വചനം എത്ര വിചിത്രമാണെങ്കിലും!

No comments:

Post a Comment