Thursday, October 31, 2013

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

റിപ്പോര്‍ട്ട് കടപ്പാട് : സാബു ജോസ്,  ദേശാഭിമാനി കിളിവാതില്‍



മനുഷ്യവംശം ആര്‍ജിച്ച സാങ്കേതികവിദ്യയുടെ ഏറ്റവും ഉന്നതമായ മുഹൂര്‍ത്തത്തിന് ഈ തലമുറ സാക്ഷ്യംവഹിക്കുകയാണ്. ആദ്യമായി ഒരു മനുഷ്യനിര്‍മിത വാഹനം സൗരയൂഥത്തിന്റെ അതിരുകടന്ന് നക്ഷത്രാന്തര സ്പേസിലേക്ക് പ്രവേശിച്ചു. നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളിലൊന്നായ വോയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തിയായ സൂര്യന്റെ ഗുരുത്വബലം നേര്‍ത്തുനേര്‍ത്ത് അവസാനിക്കുന്ന "ഹീലിയോപോസ്" കടന്നുപോവുകയാണ്. 2004ല്‍തന്നെ സൗരയൂഥത്തിനു ചുറ്റുമുള്ള, ചാര്‍ജിത കണങ്ങളുടെ ഭീമന്‍ കുമിളയായ "ഹീലിയോസ്ഫിയറില്‍" പ്രവേശിച്ച പേടകം ഇപ്പോള്‍ അതില്‍നിന്ന് പറുത്തെത്തിയിരിക്കുകയാണ്. നക്ഷത്രാന്തര ബഹിരാകാശത്തില്‍ നിന്ന് പ്രവഹിക്കുന്ന കോസ്മിക് കിരണങ്ങളില്‍നിന്ന് സൗരകുടുംബാംഗങ്ങളെ സംരക്ഷിക്കുന്നത് ഹീലിയോസ്ഫിയറാണ്.

വോയേജര്‍ - 1 ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയാണെന്നാണ് നാസ അറിയിക്കുന്നത്. ഇനിയുള്ള യാത്ര നക്ഷത്രാന്തര സ്പേസിലെ ശൂന്യമായ ഇരുട്ടിലൂടെയാണ്. 2025വരെ യാത്ര തുടരുന്നതിനുള്ള ഊര്‍ജം പേടകത്തിലുള്ള പ്ലൂട്ടോണിയം ബാറ്ററികള്‍ക്കുണ്ട്. 1977ല്‍ ആരംഭിച്ച വോയേജറിന്റെ യാത്ര 35 വര്‍ഷങ്ങളായി തടസമൊന്നുമില്ലാതെ തുടരുകയാണ്. അതും സെക്കന്റില്‍ 17 കിലോമീറ്ററെന്ന അതിവേഗതയില്‍. സൗരകുടുംബത്തിലെ ഭീമന്‍ വാതകഗോളങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ 48 ഉപഗ്രഹങ്ങളും ഈ യാത്രയ്ക്കിടയില്‍ വോയേജര്‍-1 സന്ദര്‍ശിച്ചിട്ടുണ്ട്. അവയില്‍നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും ഭൂമിയിലെത്തിച്ച വോയേജര്‍-1ന് ഈ ഭീമന്‍ ഗ്രഹങ്ങളുടെ ഗുരുത്വബലത്തില്‍നിന്ന് കടമെടുത്ത അധികപ്രവേഗം (ഗ്രാവിറ്റി അസിസ്റ്റ് ട്രാക്കിങ്) കൊണ്ട് ഇരട്ടകളിലൊന്നായ വോയേജര്‍-2നേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ കഴിഞ്ഞു.

വോയേജര്‍-2 ഇപ്പോള്‍ വോയേജര്‍ ഒന്നിനേക്കാള്‍ 400 കോടി കിലോമീറ്റര്‍ പിന്നിലാണ്. അല്ലെങ്കില്‍ വോയേജര്‍-2 ഭൂമിയില്‍ നിന്ന് 1500 കോടി കിലോമീറ്റര്‍ അകലെയാണെന്നു പറയാം. കരവാഹനങ്ങളില്‍നിന്ന് ആകാശനൗകകളിലേക്കും ഭൗമാന്തരീക്ഷത്തിന്റെ അതിരുകള്‍ കടന്ന് ബഹിരാകാശ പേടകങ്ങളിലേക്കും നീണ്ട മനുഷ്യന്റെ യാത്ര ഇപ്പോള്‍ സൗരയൂഥമെന്ന വലിയ ലോകത്തിന്റെ അതിര്‍ത്തിയും ഭേദിച്ച് ക്ഷീരപഥത്തിന്റെ അപാരതയിലേക്കു നീളുകയാണ്. മനുഷ്യവംശം ആര്‍ജിച്ച ഏറ്റവും വലിയ സാങ്കേതിക നേട്ടമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ മഹാസംഭവത്തെ വിശേഷിപ്പിക്കുന്നത്.

സൗരകുടുംബത്തിലെ വാതകഭീമന്മാരായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ധൂമകേതുക്കളുടെ ജന്മഗൃഹമായ കുയ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഘങ്ങളും ഉള്‍പ്പെടുന്ന "ഔട്ടര്‍ സോളാര്‍ സിസ്റ്റവും" സൗരയൂഥത്തിനു വെളിയിലെ നക്ഷത്രാന്തര മാധ്യമത്തിന്റെ സവിശേഷതകളും പഠിക്കുന്നതിനുവേണ്ടി 1977ല്‍ നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളാണ് വോയേജര്‍ - 1ഉം വോയേജര്‍ - 2ഉം. 722 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ഭാരം. നാസയുടെ തന്നെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് വോയേജര്‍ നിര്‍മിച്ചത്. 3.7 മീറ്റര്‍ വ്യാസമുള്ള ഡിഷ് ആന്റിന വഴി ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്ന പേടകത്തില്‍ 62500 കെബി സംഭരണശേഷിയുള്ള ഒരു ഡിജിറ്റല്‍ ടേപ്പ് റിക്കാഡും സജ്ജീകരിച്ചിട്ടുണ്ട്. പേടകത്തിന്റെ യാത്രയ്ക്കാവശ്യമായ ഊര്‍ജം പകരുന്നത് അതിലുള്ള മൂന്ന് വലിയ ജനറേറ്ററുകളാണ്.

റേഡിയോ ഐസോടോപ്പായ പ്ലൂട്ടോണിയം-238ന്റെ 24 ഗോളങ്ങളാണ് ജനറേറ്ററുകളില്‍ ഊര്‍ജോല്‍പ്പാദനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ജനറേറ്ററുകളും കൂടി 470 വാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. 2025 വരെ ഈ ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. വോയേജറിലെ ശാസ്ത്രീയ ഉപകരണങ്ങളോടൊപ്പം സജ്ജീകരിച്ചിട്ടുള്ള സ്വര്‍ണംപൂശിയ ഓഡിയോ - വിഷ്വല്‍ ഡിസ്ക് കൗതുകകരമാണ്. ഈ ഡിസ്കില്‍ ഭൂമിയിലെ ഏതാനും ജന്തുക്കളുടെയും മനുഷ്യന്റെയും (സ്ത്രീയും പുരുഷനും) ചിത്രങ്ങളും, ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുടെ ഒരു സംക്ഷിപ്ത ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ, ഭൂമിയിലെ ചില ശബ്ദങ്ങളും (തിമിംഗലത്തിന്റെ ശബ്ദം, മനുഷ്യശിശുവിന്റെ കരച്ചില്‍, തിരമാലകളുടെ ശബ്ദം, മൊസാര്‍ട്ടിന്റെ സിംഫണി, ചക്ബെറിയുടെ ഗാനം, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍, അമേരിക്കന്‍ പ്രസിഡണ്ട് എന്നിവരുടെ ശബ്ദസന്ദേശങ്ങള്‍) റെക്കോഡ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ നക്ഷത്രാന്തര സ്പേസിലൂടെ സഞ്ചരിക്കുന്ന പേടകത്തെ സൗരയൂഥത്തിനു വെളിയിലുള്ള ഏതെങ്കിലുമൊരു ഗ്രഹത്തിലുള്ള സാങ്കേതികവിദ്യ വികാസംപ്രാപിച്ച നാഗരികത കണ്ടെത്തുമെന്നും ഈ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഈ ഉദ്യമത്തിനു പിന്നിലുള്ളത്.

വോയേജര്‍ പുതിയ ലോകങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ്. കോസ്മിക് കിരണങ്ങളുടെ ആക്രമണവും മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിക്കുന്ന നക്ഷത്രാന്തര വാതകങ്ങളെയും അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇനിയുമൊരു വ്യാഴവട്ടം ആ യാത്ര നീളും. ഈ സ്പേസിന്റെ വിശാലകതകളിലെവിടെയെങ്കിലുമുള്ള ജീവന്‍ ഇവിടെ, ഇങ്ങകലെ ഈ ഭൂമിയില്‍ മനുഷ്യനെന്നു പേരുവിളിക്കുന്ന ഒരു ജീവിയുണ്ടെന്ന സന്ദേശം തിരിച്ചറിയുമെന്ന പ്രതീക്ഷയാണ് ഈ യാത്രയുടെ പിന്നിലുള്ള ഊര്‍ജം.

No comments:

Post a Comment