Tuesday, November 12, 2013

ഏറ്റവും അകലെയുള്ള' ഗാലക്‌സി കണ്ടെത്തി


പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഒരുസംഘം അന്താരാഷ്ട്രഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ ഗാലക്‌സി 1310 കോടി വര്‍ഷം പ്രായമുള്ളതാണ്.

പ്രപഞ്ചം തീരെ ചെറുപ്പമായിരുന്ന കാലത്ത് രൂപപ്പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി. പ്രപഞ്ചത്തിന്റെ ബാഹ്യഅതിരിലാണ് അതിന്റെ സ്ഥാനം.

പ്രപഞ്ചാരംഭത്തില്‍ ഗാലക്‌സികളില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ കണ്ടെത്തല്‍ .z8_GND_5296 എന്നാണ് ഗാലക്‌സിക്കിട്ടിരിക്കുന്ന പേര്.

ഹാവായിയില്‍ കെക്ക് 1 ടെല്‌സ്‌കോപ്പിലെ പുതിയ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗാലക്‌സിയിലേക്കുള്ള അകലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.


ചുവന്ന പൊട്ടിന്റെ രൂപത്തില്‍ കാണുന്നതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി

പ്രകാശവര്‍ണരാജി നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോസ്‌കോപ്പ്. അതുപയോഗിച്ച് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സിയുടെ 'ചുവപ്പുവ്യതിയാനം' ( redshift ) അളക്കുകയാണ് ഗവേഷകര്‍ ചെയ്തതെന്ന്, 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗാലക്‌സിയുടെ ചുവപ്പുവ്യതിയാനം 7.51 എന്നാണ് സ്ഥിരീകരിച്ചത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം നിലവില്‍ വന്ന് വെറും 70 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടതാണ് ഗാലക്‌സിയെന്നാണ് ഇതിനര്‍ഥം.

'മറ്റ് കണ്ടെത്തലുകളെ അപേക്ഷിച്ച്, ഈ ഗാലക്‌സിയെ അതുല്യമാക്കുന്ന ഘടകം, സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ അകലം സ്ഥീരീകരിക്കാന്‍ സാധിച്ചു എന്നതാണ്' - പഠനസംഘത്തില്‍ അംഗമായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബഹ്‌റാം മൊബാഷര്‍ ചൂണ്ടിക്കാട്ടി.


ഹാവായിയിലെ കെക്ക് 1 ടെലസ്‌കോപ്പ്

നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ 1-2 ശതമാനം ദ്രവ്യമാനം (പിണ്ഡം) മാത്രമേ പുതിയ ഗാലക്‌സിക്കുള്ളൂ, ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം കൂടുതലാണ്. അതേസമയം, പ്രതിവര്‍ഷം 330 പുതിയ നക്ഷത്രങ്ങള്‍ വീതം അവിടെ രൂപപ്പെടുകുയും ചെയ്യുന്നു. ആകാശഗംഗയില്‍ ഇത് രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ മാത്രമാണെന്നോര്‍ക്കുക.

'കരുതിയതിലും ഉയര്‍ന്ന തോതില്‍ താരജനനം നടക്കുന്ന മേഖലകള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്' - പഠനപദ്ധതിക്ക് നേതൃത്വം നല്‍കിയ, ടെക്‌സാസ് സര്‍വകലാശാലയിലെ സ്റ്റീവന്‍ ഫിന്‍കെല്‍സ്റ്റീന്‍ പറയുന്നു.

സമീപഭാവിയില്‍ പ്രപഞ്ചത്തിന്റെ വിദൂരതയിലുള്ള ഇത്തരം കൂടുതല്‍ ഗാലക്‌സികള്‍ തിരിച്ചറിയാന്‍ ശാസ്ത്രലോകത്തിനാകുമെന്ന് മൊബാഷര്‍ കരുതുന്നു. ഹാവായിയില്‍ സ്ഥാപിക്കുന്ന അതിശക്തമായ 'തെര്‍ട്ടി മീറ്റര്‍ ടെലസ്‌കോപ്പ്' ( Thirty Metre Telescope ), ചിലയിലെ 'ജയന്റ് മാഗല്ലന്‍ ടെലസ്‌കോപ്പ്' ( Giant Magellan Telescope ), നാസ വിക്ഷേപിക്കുന്ന ആറരമീറ്റര്‍ നീളമുള്ള 'ജെയിസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്' ( James Webb Space Telescope ) എന്നിവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇത്തരം കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കും.


കടപ്പാട് : മാതൃഭൂമി 
ചിത്രങ്ങള്‍ കടപ്പാട് : നാസ; കെക്ക് ഒബ്‌സര്‍വേറ്ററി

No comments:

Post a Comment