Wednesday, November 27, 2013

ചൊവ്വയിലേക്ക് ഇന്ത്യ



ചൊവ്വയിലേക്ക് ഒരു പേടകത്തെ പറഞ്ഞയച്ചിട്ട് പതിനെട്ട് ദിനം കഴിഞ്ഞു. ഇതുവരെ എല്ലാം കൃത്യം. എന്നാല്‍ നവംബര്‍ 30 അടുക്കുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ കൊണ്ടുപോകാനുള്ള യാത്ര തുടങ്ങുന്ന ദിനമാണ് അന്ന്. 300 ദിവസത്തെ യാത്രയാണ് പിന്നെ.

രണ്ട് ട്രാക്കുകളില്‍ വ്യത്യസ്ത വേഗങ്ങളില്‍ ഒരേ കേന്ദ്രത്തെ ചുറ്റുന്ന രണ്ട് കാറുകളെപ്പോലെയാണ് ഭൂമിയും ചൊവ്വയും. ഓരോ സെക്കന്‍ഡിലും ഇവയ്ക്കിടയിലുള്ള ദൂരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അഞ്ച് കോടി കിലോമീറ്റര്‍ മുതല്‍ 40 കോടി കിലോമീറ്റര്‍ വരെയുണ്ട് ആ വ്യത്യാസം. ഒരു കാറില്‍ നിന്ന് മറ്റേതിലേക്ക് വെടിവെച്ച് കൊള്ളിക്കുന്നതുപോലെയാണ് മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയയ്ക്കുന്നത്.

ഏറ്റവുമടുത്ത് ചൊവ്വയെത്തുമ്പോള്‍ ഇന്ത്യന്‍ വെടി അതില്‍ കൊള്ളണം. എന്നാല്‍ അതിനുവേണ്ടി സഞ്ചരിക്കുന്നത് നാല്‍പ്പത് കോടി മുതല്‍ അറുപത് കോടിവരെ കിലോമീറ്ററാണ്. കാരണം ഒറ്റയടിക്ക് അഞ്ച് കോടി കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു പേടകത്തെ അയയ്ക്കണമെങ്കില്‍ അത്രയും ഇന്ധനം അതില്‍ കരുതണം.

പേടകത്തിന്റെ വലിപ്പവും ഭാരവും ഇന്നുള്ളതിന്റെ (അര ടണ്ണോളമാണ് മംഗള്‍യാന്‍ ഭൂമിയില്‍ നിന്ന് ഉയരുന്ന സമയത്തുണ്ടായിരുന്ന ഭാരം ) നൂറിരട്ടിയെങ്കിലും വര്‍ധിക്കും. അത്ര വലിയ ഭാരത്തെ ഉയര്‍ത്താന്‍ ശേഷിയുള്ള ക്രയോജനിക് റോക്കറ്റ് നമുക്കില്ല. പേടകത്തില്‍ ഇന്ധനം കരുതിവെയ്ക്കാനുള്ള സാങ്കേതിക വിദ്യയുമില്ല. അതുകൊണ്ട് 1925-ല്‍ ' ഗോളാന്തര യാത്ര ' എന്ന പുസ്തകത്തിലൂടെ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ വാള്‍ട്ടര്‍ ഹോഹ്മാന്‍ നിര്‍ദേശിച്ച ചാഞ്ചാട്ടയാത്രയാണ് ഐ.എസ്.ആര്‍.ഒ പിന്തുടരുന്നത്. ' ഹോഹ്മാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (എച്ച്.ടി.ഒ) ' എന്നാണ് ഈ ചാഞ്ചാട്ടയാത്രാപഥത്തിന് പേര്.





ഓരോ ഘട്ടങ്ങളിലായി ഭ്രമണ പഥം ഉയര്‍ത്തി ഒന്നില്‍ നിന്ന് ഒന്നിലേക്ക് ചാഞ്ചാടി ഭൂമിയെ പലതവണ ചുറ്റിയാണ് മംഗള്‍യാന്‍ യാത്ര ചെയ്യുന്നത്. മുകളിലോട്ട് പോകുന്തോറും ഗുരുത്വാകര്‍ഷണ ബലം കുറയുമെന്നതിനാല്‍ ഒന്ന് കറക്കി വിട്ടാല്‍ മതി പേടകം കുറേനേരം യാത്ര ചെയ്യും. ഇതിന് വളരെ കുറച്ച് ഇന്ധനം മതിയാകും. ഈ ഇന്ധനം എരിച്ച് പേടകത്തിലെ ഉഗ്രന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി യന്ത്രം പ്രവര്‍ത്തിക്കേണ്ടതില്ല.

ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിന് അഞ്ചാംവട്ടം യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ഭ്രമണപഥം ഉയര്‍ത്തുകയും ചെയ്തു. പേടകം ഇപ്പോള്‍, മുന്നൂറോളം കിലോമീറ്റര്‍ ' പെരിജി ( കുറഞ്ഞ ദൂരം)', രണ്ടുലക്ഷത്തോളം കിലോമീറ്റര്‍ 'അപോജി ' (കൂടിയ ദൂരം ) യുമുള്ള ദീര്‍ഘ വൃത്താകാര ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുകയാണ്. എഴുപതിനായിരത്തോളം കിലോമീറ്റര്‍ ദൂരമെത്തിയപ്പോള്‍ ഒരു ഫോട്ടോയെടുത്തയയ്ക്കുകയും ചെയ്തു.

മുന്നൂറോളം കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ ഇപ്പോഴും പേടകത്തിലെ പ്രശ്‌നങ്ങള്‍ തിരുത്താന്‍ ഐ.എസ്.ആര്‍. ഒ യ്ക്ക് അവസരമുണ്ട്. നവംബര്‍ മുപ്പതിന് പാതിരാത്രിക്കാണ് അവസാന ഉയര്‍ത്തല്‍. ഡിസംബര്‍ ഒന്നാംതീയതി മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം മാറും. സൂര്യനെ പകുതി ചുറ്റി അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. മുന്നൂറുദിനം കൊണ്ടാവും ആ യാത്ര. 2014 സപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

(ചിത്രം കടപ്പാട് : ISRO )

റിപ്പോര്‍ട്ട് - മാതൃഭൂമി

No comments:

Post a Comment