Monday, December 2, 2013

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...


ഭൂമിയുടെ ഭ്രമണപഥം വിട്ട ഐഎസ്ആര്‍ഒയുടെ പ്രഥമ ചൊവ്വാദൗത്യപേടകം മംഗള്‍യാനിന്റെ യാത്ര വിജയക്കുതിപ്പില്‍. ചുവപ്പന്‍ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സങ്കീര്‍ണ യാത്രയ്ക്കായി ഞായറാഴ്ച പുലര്‍ച്ചെയാണ് മംഗള്‍യാന്റെ പാത തിരിച്ചു വിട്ടത്. പുലര്‍ച്ചെ 12.49നാണ് ചൊവ്വയിലേക്ക് പേടകം തൊടുത്തത്. ഇതിനായുള്ള 22 മിനിറ്റ് നീണ്ട ട്രാന്‍സ് മാഴ്സ് ഇഞ്ചക്ഷന്‍ പ്രക്രിയയില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക വിജയം നേടാനായി.

ലിക്വിഡ് അപോജി മോട്ടോറിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത വര്‍ധിപ്പിച്ചാണ് ഭൂഗുരുത്വാകര്‍ഷണവലയം ഭേദിച്ചത്. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലേക്ക് സന്ദേശമയച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മൗറീഷ്യസിന് മുകളില്‍ വച്ചായിരുന്നു മംഗള്‍യാന്‍ വഴിമാറിയത്. സന്ദേശമയച്ച സമയത്തെ പ്രതികൂല കാലാവസ്ഥ നേരിയ ആശങ്ക സൃഷ്ടിച്ചു. സൗരഭ്രമപണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയെങ്കിലും ബുധനാഴ്ചവരെ ഭൂമിയുടെ ആകര്‍ഷണവലയത്തിന്റെ സ്വാധീനം ഉണ്ടാകും.

അതിനാല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഭൂവലയം ഭേദിക്കുമ്പോഴാണ് ഇതുവരെയുള്ള ഭൂരിപക്ഷം ചൊവ്വാദൗത്യവും ലക്ഷ്യം തെറ്റിയത്. വിവിധ രാജ്യങ്ങളുടെ 31 ദൗത്യങ്ങളാണ് ഇത്തരത്തില്‍ പാളിയത്.ന തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പേടകം 3,84,490 കിലോമീറ്റര്‍ അകലെ എത്തും. ബുധനാഴ്ച പകല്‍ 2.16ന് പൂര്‍ണമായി സൗരകേന്ദ്രീകൃത വലയത്തിലാകും. ഇതോടെ ഉപഗ്രഹത്തിലെ ചെറിയ ബൂസ്റ്റര്‍ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ സഞ്ചാര പാതയിലെ വ്യതിയാനങ്ങള്‍ തിരുത്തും.

ഡിസംബര്‍ 11നായിരിക്കും ആദ്യ തിരുത്തല്‍. ഏപ്രില്‍, ആഗസ്ത് മാസങ്ങളിലും ഇതേ തിരുത്തല്‍ വേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മുന്നൂറുദിവസത്തെ യാത്രയ്ക്കൊടുവില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ അടുത്തെത്തും. 40 കോടി കിലോമീറ്ററാണ് പേടകം താണ്ടേണ്ടത്. സൗരഭ്രമണപഥത്തിലെത്തിയതോടെ പേടകം സ്വയംനിയന്ത്രിത സംവിധാനത്തിലാണ് മുന്നോട്ട് കുതിക്കുക. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സോഫ്റ്റ്വെയറാണ് പേടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്്സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്റെ ഭ്രമണപഥം ആറുഘട്ടമായാണ് ഉയര്‍ത്തിയത്. ഭൂമിയുടെ സമീപ ഗ്രഹമായ ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം തേടിയാണ് ദൗത്യം. ചൊവ്വയുടെ ലോലമായ അന്തരീക്ഷം, ഉപരിതലം, ധ്രുവങ്ങള്‍, ഗര്‍ത്തങ്ങള്‍, ധാതു സാന്നിധ്യം ഇവയെല്ലാം ദൗത്യത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഠനം നടത്തി ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍, ചിത്രങ്ങളെടുക്കുന്നതിനുള്ള ആധുനിക ക്യാമറ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഉപഗ്രഹത്തിന്റെ നിരീക്ഷണ നിയന്ത്രണത്തിന്റെ ചുമതല ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഐസ്ട്രാക്കിനാണ്. ദൗത്യത്തിന് നാസ ഉള്‍പ്പെടെ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.

No comments:

Post a Comment