Wednesday, December 4, 2013

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
ഭൂമിയോട് വിട ചൊല്ലുന്ന മംഗള്‍യാന്‍ . ചിത്രം കടപ്പാട് : ISRO

ഭൂമിയുടെ ആകര്‍ഷണത്തെ അതിജീവിച്ച് മുന്നേറുന്ന മംഗള്‍യാന്‍ അടുത്ത സപ്തംബര്‍ 24-ന് ചൊവ്വയ്ക്കടുത്തെത്തും. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം ലക്ഷ്യത്തിലെത്തുമ്പോള്‍ അത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാകും.

താരതമ്യേന കുറഞ്ഞ പണച്ചെലവില്‍, ഇന്ത്യയില്‍ തയ്യാറാക്കിയതും ഇന്ത്യന്‍ റോക്കറ്റുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ചതുമായ ഉപഗ്രഹമാണ് മംഗള്‍യാന്‍. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ചൊവ്വാദൗത്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് വേര്‍പെടാനാവാതെയാണ്. മംഗള്‍യാന്‍ ഞായറാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് അതുനേടി. ഇനി പത്തുമാസം കഴിഞ്ഞ് ചൊവ്വയെ ചുറ്റാന്‍ കഴിയണം. അതിനായുള്ള നടപടിയും വളരെ നിര്‍ണായകമാണ്.

ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്'പി.എസ്.എല്‍.വി.- സി 25' എന്ന റോക്കറ്റ് 'മംഗള്‍യാനെ' എത്തിച്ചത് ഭൂമിയില്‍നിന്ന് 23,550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 1,92,919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അത് ഭൂമിയെ വലംവെച്ചത്.

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് മോചിപ്പിച്ച് അയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പ് 12.49 മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയ്തത്. 'മംഗള്‍യാന്‍' പേടകത്തിനൊപ്പമുള്ള എന്‍ജിന്‍ 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 1328.89 സെക്കന്‍ഡ് (ഏകദേശം 23 മിനിറ്റ്) പ്രവര്‍ത്തിപ്പിച്ചാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വേര്‍പെടുത്തിയത്.

ഇപ്പോള്‍ 'മംഗള്‍യാന്‍' ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. സപ്തംബര്‍ 24-ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും.

ആ യാത്രയ്ക്കിടെ, ബഹിരാകാശപ്രതിഭാസങ്ങളുടെ ഫലമായി നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായേക്കാം. അപ്പോള്‍ ചെറിയ ക്രമപ്പെടുത്തലുകള്‍ വേണ്ടിവരും. ഐ.എസ്.ആര്‍.ഒ. അതും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് . ഡിസംബര്‍ പതിനൊന്നിനും അടുത്ത ഏപ്രില്‍, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലുമാണ് അതുചെയ്യാന്‍ സാധ്യത.


മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്ത് എത്തുമ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ചെയ്യാനുള്ളതും വളരെ നിര്‍ണായകമാണ്. ദ്രവ ഇന്ധന എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്.

ബാംഗ്ലൂരിലെ ഇസ്ട്രാക് (ഐ.എസ്.ആര്‍.ഒ. ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക്) ആണ് മംഗള്‍യാനെ നിയന്ത്രിക്കുന്നത്. ഇസ്ട്രാക്കിന് കീഴില്‍ പീനിയയിലുള്ള മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സാണ് കണ്‍ട്രോള്‍ റൂം. മംഗള്‍യാനില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിക്കാനും അതിന് സന്ദേശം കൊടുക്കാനും രാമനഗരയ്ക്കടുത്ത ബയലാലുവിലെ ഐ.ഡി.എസ്.എന്നില്‍ (ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക്) 18 മീറ്ററും 32 മീറ്ററും വ്യാസമുള്ള ആന്റിനകളുണ്ട്.

മംഗള്‍യാനില്‍ ചൊവ്വാപര്യവേക്ഷണത്തിനായി അഞ്ച് ഉപകരണങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വയില്‍ ജലവും ജീവനും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും ചൊവ്വയിലെ ധാതുക്കളുടെ സ്വഭാവമെന്തെന്നുമൊക്കെ പഠിക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും.

ചൊവ്വാദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവ്. പണച്ചെലവിന്റെ കുറവിലും നമ്മുടെ ദൗത്യം വേറിട്ടുനില്ക്കുന്നു. യു.എസ്സിന്റെ പുതിയ ദൗത്യമായ മാവെന് ഇതിന്റെ പത്തിരട്ടിയോളമാണ് പണച്ചെലവ്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിന് ഒന്നരക്കൊല്ലം മാത്രമാണെടുത്തത്.


'ചൊവ്വ'യോളം സ്വപ്‌നങ്ങള്‍ 

ബാംഗ്ലൂര്‍ : ''മംഗള്‍യാന്‍ 120 കോടി ജനങ്ങളുടെ സ്വപ്നവുമായി ചൊവ്വയിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് ഞങ്ങള്‍ മധുരസ്വപ്നങ്ങള്‍ നേരുന്നു''. 'മംഗള്‍യാനെ' ഭൂമിക്കുചുറ്റുമുള്ള പഥത്തില്‍നിന്ന് വേര്‍പെടുത്തി അയയ്ക്കുന്നതില്‍ വിജയിച്ചയുടന്‍ ഐ.എസ്.ആര്‍.ഒ. ട്വീറ്റ് ചെയ്ത ആശംസയാണിത്.

ഭൂമിയുടെ അയല്‍ഗ്രഹത്തെപ്പറ്റി എന്നും മനുഷ്യര്‍ പകല്‍ സ്വപ്നങ്ങളുമായാണ് കഴിഞ്ഞിട്ടുള്ളത്. ചൊവ്വയില്‍ ജീവനുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും സാഹിത്യത്തിലും സിനിമകളിലുമൊക്കെ ചൊവ്വാജീവികള്‍ നമ്മുടെ അതിഥികളായിട്ടുണ്ട്. ചന്ദ്രന്‍ കഴിഞ്ഞാല്‍, പിന്നെ എന്തെന്നും ഏതെന്നും മനുഷ്യരുടെ യന്ത്രങ്ങള്‍ പരതിനോക്കിയതും ചൊവ്വയില്‍ത്തന്നെ.

എങ്കിലും മനുഷ്യര്‍ അയയ്ക്കുന്നത് എളുപ്പം ചൊവ്വയില്‍ എത്തുന്നതല്ല പൊതുവെ കണ്ടിട്ടുള്ളത്. ഇതുവരെ നടന്ന ചൊവ്വാദൗത്യങ്ങളില്‍ പകുതിയില്‍ക്കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും ആദ്യ ദൗത്യം വിജയിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ആദ്യദൗത്യമായ മംഗള്‍യാന് ചൊവ്വയെ ചുറ്റാന്‍കൂടി കഴിഞ്ഞാല്‍ അത് ലോകത്തിന് ഇന്ത്യന്‍ അത്ഭുതംതന്നെയാകും. ചൊവ്വാക്ലബിലെ നാലാമത്തെ അംഗമാകും ഇന്ത്യ. ഇത് നേടുന്ന ആദ്യ ഏഷ്യന്‍രാജ്യവും.

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗ്രഹാന്തരദൗത്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന കീര്‍ത്തി ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവും. ബഹിരാകാശദൗത്യവിപണിയില്‍ ഇന്ത്യ മുന്നേറുകയും ചെയ്യും.

യു.എസ്സും യൂറോപ്യന്‍ യൂണിയനും റഷ്യയുംമാത്രമാണ് ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചിട്ടുള്ളത്. ജപ്പാന്റെയും ചൈനയുടെയും ദൗത്യങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുകൊല്ലംമുമ്പ് ചൈനയുടെ യിങ്ഹുവോ1 എന്ന പേടകത്തെ, ഭൂമിയെ ചുറ്റുന്ന പഥത്തില്‍നിന്ന് ചൊവ്വയിലേക്ക് വഴിതിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ധനം കത്തിക്കാന്‍ കഴിയാതായതാണ് കാരണം. പേടകം തകര്‍ന്ന് ശാന്തസമുദ്രത്തില്‍ വീണു.

ചൈന ഒറ്റയ്ക്കായിരുന്നില്ല ദൗത്യം നടത്തിയത്. യിങ്ഹുവോയെയും റഷ്യയുടെ ഫോബോസ് ഗ്രന്റ് എന്ന പേടകത്തെയും ഖസാക്‌സ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്നാണ് വിക്ഷേപിച്ചത്. യിങ്ഹുവോയെപ്പോലെ ഫോബോസ് ഗ്രന്റിനെയും കൈയൊഴിയേണ്ടിവന്നു.

ജപ്പാന്റെ നൊസോമി ('പ്രത്യാശ') 1999 ഒക്ടോബറില്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറേണ്ടതായിരുന്നു. ഇലക്ട്രിക് സംവിധാനത്തിലുണ്ടായ പ്രശ്‌നത്താല്‍ വാല്‍വ് തകരാറിലായി ഇന്ധനനഷ്ടമുണ്ടായി. ശേഷിച്ച ഇന്ധനം ആവശ്യത്തിന് തികഞ്ഞില്ല. അങ്ങനെ അവസാനഘട്ടത്തില്‍ ജപ്പാന്റെ പ്രത്യാശ അസ്തമിച്ചു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ദൗത്യം ജയവും പരാജയവും ഒന്നിച്ചുകണ്ടതാണ്. ബൈക്കന്നൂരില്‍നിന്ന് 2003ല്‍ സോയൂസ് റോക്കറ്റില്‍ രണ്ട് പര്യവേക്ഷണസംവിധാനങ്ങളാണ് വിക്ഷേപിച്ചത്. ഉദ്ദേശിച്ചിരുന്നതുപോലെ, മാര്‍സ് എക്‌സ്?പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ ചുറ്റുകയും വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, ചൊവ്വയില്‍ഇറക്കേണ്ടിയിരുന്ന ലാന്‍ഡറിനെ ഇറക്കാന്‍ കഴിഞ്ഞില്ല.

സോവിയറ്റ് യൂണിയന് (പിന്നീട് റഷ്യ) 1960 മുതല്‍ പരാജയങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. പത്തോളം പരാജയങ്ങള്‍ക്കുശേഷം 1971ലാണ് റഷ്യ ആദ്യം വിജയിച്ചത്. യു.എസ്സിന്റെ മാരിനര്‍ മൂന്ന് 1964ല്‍ വിക്ഷേപണഘട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടു.

എങ്കിലും ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തില്‍ത്തന്നെ. മറ്റു രാജ്യങ്ങളുടേതുമായി നോക്കുമ്പോള്‍ നമ്മുടെ ആദ്യ ദൗത്യത്തില്‍ തിരുത്തലുകള്‍ക്കും ക്രമപ്പെടുത്തലുകള്‍ക്കും കൂടുതല്‍ അവസരമുണ്ട്.

No comments:

Post a Comment