Saturday, August 31, 2013

ഐസോണ്‍ വാല്‍നക്ഷത്രം- അതിഥിയ്ക്ക് ഒരാമുഖം

ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന്‍ വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS (കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയി), ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമെന്നാണ് പറയപ്പെടുന്നത്.

എന്താണ് ഒരു വാല്‍നക്ഷത്രം?

പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്‍നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ ‘ധൂമകേതുക്കള്‍’ എന്ന ഇവരുടെ ‘സ്കൂളില്‍ പേര്’ ആണ് ഇവിടെ നമ്മള്‍ കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്
ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം
ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം)
മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ്

അടിസ്ഥാനപരമായി ഒരു അഴകിയ രാവണന്‍ ആണ് ധൂമകേതു. നമ്മള്‍ ഇവിടെ നിന്ന്‍ കാണുന്നതൊക്കെ വെറും ‘ഷോ’ മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന്‍ പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും.

ധൂമകേതുവിന്റെ നമ്മള്‍ കാണുന്ന ഭാഗം അതിന്റെ വാല്‍ അല്ലെങ്കില്‍ കോമ ആണ്. അതിന്റെ ശരീരം മിക്കവാറും തണുത്തുറഞ്ഞ വാതകങ്ങള്‍ ആണല്ലോ. അവ സൂര്യനോട് അടുത്ത് വരുമ്പോ സൌരവികിരണങ്ങള്‍ ഏറ്റ് ബാഷ്പീകരിക്കപ്പെടും. ഇത് ന്യൂക്ലിയസ്സിനു ചുറ്റും ഒരു വാതകഅന്തരീക്ഷത്തിന് രൂപം നല്കും. കോമ എന്ന്‍ വിളിക്കുന്ന ഈ അന്തരീക്ഷമാണ് ഭൂമിയില്‍ നിന്നു നോക്കുമ്പോ മിക്കവാറും നമ്മള്‍ കാണുക. ന്യൂക്ലിയസ് ഒരു കുഞ്ഞനായിരുന്നു എങ്കിലും കോമയ്ക്കു പലപ്പോഴും സൂര്യനെക്കാളും വലിപ്പം ഉണ്ടാവും. ഈ വാതകമണ്ഡലം സൂര്യനില്‍ നിന്നുള്ള സൌരക്കാറ്റിന്റെ പ്രഭാവം കൊണ്ട് സൂര്യന് എതിര്‍ദിശയിലേക്ക് തള്ളപ്പെടുകയും ഒരു വാലിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ധൂമകേതുവിനെ വാല്‍നക്ഷത്രം എന്ന്‍ പണ്ടുള്ളവര്‍ വിളിക്കാന്‍ കാരണമായ ‘വാല്‍’. സത്യത്തില്‍ രണ്ടുതരം വാലുകള്‍ ഒരു ധൂമകേതുവില്‍ കാണപ്പെടാം. കോമായിലെ പൊടിപടലങ്ങളെ സൌരക്കാറ്റ് പിന്നിലേക്ക് പറത്തുക വഴി ഉണ്ടാകുന്ന ധൂളീവാലും (Dust tail) സൂര്യനില്‍ നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രഭാവം കൊണ്ട് അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന പ്ലാസ്മാ വാലും (Ion tail). ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെക്കാള്‍ നീളമുള്ള വാലുകള്‍ പോലും പല ധൂമകേതുക്കള്‍ക്കും രൂപം കൊള്ളാറുണ്ട്. മിക്കവാറും നീലയോ നീല കലര്‍ന്ന പച്ചയോ നിറമുള്ള പ്ലാസ്മാവാലിന്റെ രൂപീകരണത്തില്‍ സൌരക്കാറ്റും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഇതിന്റെ ദിശ എപ്പോഴും സൂര്യന് നേരെ എതിരെ ആയിരിയ്ക്കും. എന്നാല്‍ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള ധൂളീവാല്‍ മിക്കവാറും അതിന്റെ ഓര്‍ബിറ്റില്‍ തന്നെ അല്പം വളഞ്ഞതായിട്ടാകും കാണപ്പെടുക. ഇവിടെ ഒരു കാര്യം മനസ്സിലാക്കിക്കാണുമല്ലോ, വാല്‍നക്ഷത്രത്തിന്റെ വാല്‍ എപ്പോഴും അതിന്റെ പിന്നില്‍ തന്നെ ആയിരിക്കണം എന്നില്ല. അവ എപ്പോഴും സൂര്യന് പ്രതിമുഖമായിരിക്കും എന്നതിനാല്‍, സൂര്യനില്‍ നിന്നും അകന്ന്‍ പോകുന്ന ഒരു വാല്‍നക്ഷത്രത്തിന് മുന്‍പിലായിരിക്കും വാല്‍ കാണപ്പെടുക!



നീളം കൂടിയ ദീര്‍ഘവൃത്താകൃതി ഉള്ളതാണ് മിക്കവാറും ധൂമകേതുക്കളുടെ ഓര്‍ബിറ്റ്. അതുകൊണ്ട് തന്നെ സ്വന്തം പ്രദക്ഷിണകാലത്തിന്റെ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ അവ സൂര്യനോട് അടുത്ത് വരുന്നുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ക്ക് കോമ രൂപം കൊള്ളുന്നതും നമുക്ക് കാണാന്‍ കഴിയുന്നതും. അങ്ങനെയാണ് അവര്‍ നമ്മുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം വിരുന്ന്‍ വരുന്ന വിശിഷ്ടാതിഥികള്‍ ആവുന്നത്. എന്നാല്‍ ഇവര്‍ ചുമ്മാ ഇവിടെ വന്ന്‍ സുഖസന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയാണ് പതിവ് എന്ന്‍ കരുതരുത് കേട്ടോ. സൌരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങളെ മുറിച്ച് കടക്കും വിധമാണ് ഇവയുടെ സഞ്ചാരം. മാത്രമല്ല ഗ്രഹങ്ങളുടെ പരിക്രമണതലത്തില്‍ (Orbital plane) ആയിരിക്കില്ല താനും ഇവയില്‍ മിക്കതിന്റെയും പരിക്രമണം. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വമണ്ഡലങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ഓരോ വരവിലും സ്വന്തം ഭാരത്തിന്റെ 1-2% വരെ വാതകങ്ങളും ശിലാധൂളികളും ഇവര്‍ക്ക് നഷ്ടമാകും. ഇത് ആവര്‍ത്തിക്കുക വഴി ചിലപ്പോള്‍ ധൂമകേതു മൊത്തത്തില്‍ ശിഥിലമായി എന്നും വരാം. ഇങ്ങനെ വാല്‍നക്ഷത്രങ്ങള്‍ കൈവിടുന്ന പദാര്‍ഥങ്ങളാണ് പലപ്പോഴും ഗ്രഹാന്തരപ്രദേശങ്ങളില്‍ തങ്ങിനിന്ന് ഉള്‍ക്കാവര്‍ഷത്തിന് (Meteor shower) കാരണമാകുന്നത്. ഉദാഹരണത്തിന് വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് (Perseid) ഉൽക്കാവർഷത്തിന്റെ ഉറവിടം 2007 ആഗസ്റ്റില്‍ വന്നുപോയ സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്.

ധൂമകേതുക്കളുടെ ഉറവിടത്തെ കുറിച്ച് ഇന്നും കൃത്യമായ ഒരു ചിത്രം നമുക്കില്ല. സൌരയൂഥത്തിന്റെ വരാന്ത എന്ന്‍ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നെപ്റ്റ്യൂണിന്റെ ഓര്‍ബിറ്റിനും പിന്നില്‍ 30 AU മുതല്‍ 50 AU (ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് Astronomical Unit അല്ലെങ്കില്‍ AU എന്ന ദൂര അളവായി ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്) വരെയുള്ള ഭാഗത്ത് കാണുന്ന കുയ്പ്പര്‍ ബെല്‍റ്റില്‍ (Kuiper belt) നിന്നും സൂര്യനില്‍ നിന്നും ഏതാണ്ട് ഒരു പ്രകാശവര്‍ഷം ദൂരെ സൌരയൂഥത്തെ പൊതിഞ്ഞു നില്‍ക്കുന്ന മേഘപടലമായ ഊര്‍ട്ട് മേഘങ്ങളില്‍ (Oort Cloud) നിന്നുമാണ് ഇവ വരുന്നത് എന്ന ആശയത്തിനാണ് ഇന്ന്‍ പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്.
മഞ്ഞും പാറക്കഷണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന അനേകകോടി ആകാശവസ്തുക്കളുടെ തറവാടാണു കുയ്പ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഖലയും. ഇവിടങ്ങളില്‍ സ്വസ്ഥമായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന വസ്തുക്കളില്‍ ചിലത് സൌരയൂഥത്തിലെ ഭീമന്‍ ഗ്രഹങ്ങളുടെയോ സമീപനക്ഷത്രങ്ങളുടെയോ സൂര്യന്റെ തന്നെയോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി സൂര്യന്റെ നേര്‍ക്ക് തള്ളപ്പെടാം. ഇങ്ങനെ വഴി തെറ്റി സൌരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന ഇവ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വപ്രഭാവം കാരണം വീണ്ടും പഥവ്യത്യാസത്തിന് വിധേയമാവുകയും സൂര്യനില്‍ പതിക്കാതെ അതിനെ ദീര്‍ഘവൃത്താകാരമായ ഓര്‍ബിട്ടില്‍ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം.

പ്രദക്ഷിണകാലത്തിന്റെ ദൈര്‍ഘ്യം കണക്കിലെടുത്ത് ഇവയെ ഹ്രസ്വകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ താഴെ) എന്നും ദീര്‍ഘകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ കൂടുതല്‍) എന്നും രണ്ടായി തിരിക്കാറുണ്ട്. ഹ്രസ്വകാലധൂമകേതുക്കളുടേത് താരതമ്യേന ശരാശരി ദീര്‍ഘവൃത്താകൃതിയുള്ള ഓര്‍ബിറ്റുകള്‍ ആണ്. ഇവ കുയ്പ്പര്‍ ബെല്‍റ്റില്‍ നിന്നും വരുന്നതായി കണക്കാക്കപ്പെടുന്നു. മറിച്ച് ദീര്‍ഘകാല ധൂമകേതുക്കളുടെ ഉറവിടമായി കണക്കാക്കപ്പെടുന്നത് ഊര്‍ട്ട് മേഖലയാണ്. ഇവയ്ക്ക് വളരെ നീണ്ട ദീര്‍ഘവൃത്ത ഓര്‍ബിറ്റുകള്‍ ആണുള്ളത്. പൊതുവേ മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വർഷം വരെ പ്രദക്ഷിണകാലം ഉള്ള ധൂമകേതുക്കള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയി മറയുന്ന ധൂമകേതുക്കളും ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയ പാന്‍സ്റ്റാഴ്സും ഇപ്പോള്‍ ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസോണും അക്കൂട്ടത്തില്‍ പെടുന്നവയാണ്.

ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമോ?

വളരെയധികം പ്രതീക്ഷയുണര്‍ത്തിയ ഒരു ധൂമകേതുവാണ് ഐസോണ്‍. സൂര്യനോട് അടുത്തെത്തുമ്പോ ആകാശത്തു ചന്ദ്രനെക്കാള്‍ തിളക്കം വെക്കാന്‍ സാധ്യതയുണ്ട് എന്ന്‍ കരുതപ്പെടുകയും നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന ഓമനപ്പേരിന് അര്‍ഹനാകുകയും ചെയ്തിരുന്നു അത്. എന്നാല്‍ കൃത്യമായ ഒരു പ്രവചനത്തിനും വഴങ്ങാത്ത കൂട്ടരാണ് ധൂമകേതുക്കള്‍ എന്നതൊരു പ്രശ്നമാണ്. സൌരയൂഥത്തിനുള്ളിലൂടെയുള്ള യാത്ര തീരെ സുരക്ഷിതമല്ല അവയ്ക്ക്. സൂര്യന്റെ വേലിയേറ്റ ബലങ്ങളും സൌരവികിരണവും ഒക്കെ ഇവയെ തകര്‍ത്തുകളഞ്ഞെന്നു വരാം. പ്രതീക്ഷകള്‍ നശിപ്പിക്കാനുള്ള ‘ലൈസന്‍സ്’ അതുകൊണ്ട് അവര്‍ക്കുണ്ട്.

റഷ്യയിലെ ജ്യോതിശാസ്ത്രജ്ഞരായ Vitali Nevski, Artyom Novichonok എന്നിവരാണ് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടര്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബര്‍ മാസത്തില്‍ ഐസോണ്‍ ധൂമകേതുവിനെ ആദ്യമായി കണ്ടത്. അവര്‍ പ്രതിനിധീകരിച്ചിരുന്ന സംഘടനയായ ISON-ന്റെ (International Scientific Optical Network) പേരിലാണ് ഈ ധൂമകേതു പരക്കെ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഔദ്യോഗിക നാമം C/2012 S1 എന്നാണ്. ഇതില്‍ C എന്ന അക്ഷരം ഈ ധൂമകേതു ഒരു ക്രമാവര്‍ത്തനസ്വഭാവം (നിശ്ചിത ഇടവേളകളില്‍ വന്നുപോകുന്ന സ്വഭാവം) ഇല്ലാത്തതാണ് എന്ന്‍ സൂചിപ്പിക്കുന്നു. 2012 അത് ആദ്യം നിരീക്ഷിക്കപ്പെട്ട വര്‍ഷത്തെയും, S എന്ന അക്ഷരം സെപ്റ്റംബറിനെയും 1 എന്നത് ആ മാസത്തില്‍ കാണപ്പെടുന്ന ആദ്യത്തെ ധൂമകേതു എന്നതിനെയും സൂചിപ്പിക്കുന്നു. കണ്ടുപിടിക്കപ്പെടുമ്പോ ഭൂമിയില്‍ നിന്നും ഏതാണ്ട് ഒരു ബില്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യനിലേക്കുള്ള അതിന്റെ സഞ്ചാരവഴിയിലായിരുന്നു അത്. ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍ട്ട് മേഘങ്ങളില്‍ നിന്നും പുറപ്പെട്ടതാണത്രേ ഇയാള്‍. ‘സൂര്യസ്പര്‍ശികള്‍’ (Sugrazers) എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ധൂമകേതുവാണിത്. സൂര്യനോട് വളരെ അടുത്ത് ചെല്ലുന്ന ഇക്കൂട്ടരില്‍ ഭൂമിയെക്കാള്‍ സൂര്യനോട് നൂറ് മടങ്ങ് (12 ലക്ഷം കിലോമീറ്റര്‍) അടുത്തുവരെ ചെല്ലാന്‍ സാധ്യതയുള്ള ആളാണ് ഐസോണ്‍.

2013 ജനുവരിയില്‍ നാസയുടെ Deep Impact ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നു നാസയുടെ തന്നെ Swift ദൌത്യവും ഹബിള്‍ ദൂരദര്‍ശിനിയും അതിനെ കൂടുതല്‍ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങള്‍ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്ന്‍ ഹബിള്‍ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂണ്‍ മാസത്തില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഇരിക്കുന്നതേ ഉള്ളൂ.

ജൂണ്‍-ജൂലൈ മാസങ്ങള്‍ ആയപ്പോള്‍ ഐസോണ്‍ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തില്‍ (370 മുതല്‍ 450 മില്യണ്‍ കിലോമീറ്റര്‍) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാല്‍ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ ദൂരം ഒരു ധൂമകേതുവിനെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ഈ അകലത്തില്‍ വെച്ചാണ് സൂര്യന്റെ വികിരണം മതിയായ അളവില്‍ അതില്‍ ഏല്‍ക്കാന്‍ തുടങ്ങുന്നതും അതിലെ ജലം ബാഷ്പീകരിക്കപ്പെടുന്നതും. ഈ ഘട്ടത്തില്‍ അതിന്റെ തിളക്കം വളരെ വേഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൂര്യന് പിന്നിലെ ഒളിത്താമസത്തിന് ശേഷം ആഗസ്റ്റ് 12-നു വെളുപ്പാന്‍കാലത്ത് അരിസോണയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരിയാല്‍ (Bruce Gary) ‘പിടിക്കപ്പെട്ട’ ഐസോണ്‍ പക്ഷേ നമ്മളെ അല്പം നിരാശരാക്കിയിട്ടുണ്ട്. കണക്ക് കൂട്ടിയിരുന്നതിന്റെ ആറില്‍ ഒന്ന്‍ തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ ഇപ്പോള്‍ അതിനുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോണ്‍ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്ന്‍ എല്ലാവരും കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശരാകേണ്ട കാര്യമില്ല. ഐസോണ്‍ ഒരു നല്ല ആകാശക്കാഴ്ച സമ്മാനിക്കും എന്ന്‍ തന്നെയാണ് ഇപ്പൊഴും പ്രതീക്ഷ. വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങം രാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബര്‍ 28-നാണ് ഐസോണ്‍ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തിളക്കം അത് ആര്‍ജ്ജിക്കും എന്ന്‍ കരുതപ്പെടുന്നു. എന്നാല്‍ സൂര്യന്റെ ഇത്രയും അടുത്തേക്കുള്ള പോക്ക് ഒരു ധൂമകേതുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ സൌരപ്രഭാവത്താല്‍ ഇത് ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. 7 കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഐസോണിന്റെ ശരീരം ചിലപ്പോള്‍ പൂര്‍ണമായി ബാഷ്പീകരിച്ചു പോയെന്നും വരാം. അങ്ങനെ വന്നാല്‍ ഐസോണ്‍ നമുക്ക് കാണാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ തിളക്കത്തോടെ അത് അകന്നുപോകാന്‍ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോള്‍ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാന്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാന്‍ കഴിയൂ. കന്നി രാശിയില്‍ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും. ഡിസംബര്‍ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാന്‍ കഴിയുക. സൂര്യനില്‍ നിന്നും അകന്ന്‍ തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളില്‍ നമുക്ക് ഐസോണിനെ കാണാന്‍ കഴിയും. ആകാശത്തിനെ കാല്‍ഭാഗത്തോളം നീളം വരുന്ന അതിന്റെ വാല്‍ ഒരു മനോഹര കാഴ്ച ആയിരിയ്ക്കും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമായിരിക്കാം. പക്ഷേ സൂര്യനില്‍ നിന്നുള്ള അകല്‍ച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും. ഹാലിയുടെ ധൂമകേതുവിനെപ്പോലെ ക്രമാവര്‍ത്തനസ്വഭാവം ഇല്ലാത്തതിനാല്‍ അതോടെ ഐസോണ്‍ ഇനി ഒരിയ്ക്കലും കാണാനാവാത്ത വിധം ഓര്‍മ്മ മാത്രമായി മാറും.

ഇനി ചുരുക്കത്തില്‍ ഒറ്റചോദ്യം:

ഐസോണ്‍ വാല്‍നക്ഷത്രത്തെ നമുക്ക് കാണാന്‍ കഴിയുമോ?

ഉത്തരം: കഴിയും എന്ന്‍ തന്നെയാണ് ഇപ്പോഴും പറയേണ്ടത്. കണക്കുകൂട്ടിയിരുന്ന അത്രയും തിളക്കം അതിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന വിശേഷണം അതിപ്പോള്‍ അര്‍ഹിക്കുന്നില്ല തന്നെ. എങ്കിലും, മനോഹരമായ ഒരു ദൃശ്യാനുഭവം നല്‍കാനുള്ള സാധ്യത ഇപ്പൊഴും ഐസോണില്‍ അവശേഷിക്കുന്നുണ്ട്. എല്ലാ പ്രതികൂല സാധ്യതകളും മറികടന്ന്‍ ഐസോണ്‍ ദൃശ്യമായാല്‍, ഉറപ്പായും, ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും അത്.

വരും മാസങ്ങളില്‍ ഐസോണിനെ ആകാശത്ത് തിരിച്ചറിയാന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ക്കായി ഇനി പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കാം:

കടപ്പാട് : AASTROKERALA

ചന്ദ്രോപരിതലത്തിന് താഴെ ജലസാന്നിധ്യം കണ്ടെത്തിയെന്ന് നാസ


ന്യൂയോര്‍ക്ക് : ചന്ദ്രോപരിതലത്തിന് താഴെ ജലസാന്നിധ്യം കണ്ടെത്തിയെന്ന് നാസയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണവാഹനം ചാന്ദ്രയാനില്‍ നിന്നുള്ള രേഖകളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും നാസ അറിയിച്ചു.

ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച പഠനങ്ങളിലേക്ക് പുതിയ സാധ്യതകള്‍ തെളിക്കുന്നതാണ് നാസയുടെ വെളിപ്പെടുത്തല്‍. ചാന്ദ്രപര്യവേഷണവാഹനം ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ചന്ദ്രോപരിതലത്തിന് താഴെ ജലാംശമുണ്ടെന്ന സംശയം ശാസ്ത്രജഞര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥിരീകരണം ലഭിക്കുന്നത് ഇതാദ്യമായാണ്.

ചാന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറാണ് ചന്ദ്രോപരിതലത്തിന് താഴെ ജലത്തിന്റെ അസംസ്‌കൃത രൂപങ്ങളിലൊന്നായ ഹൈഡ്രോക്‌സിലുകള്‍ ഉണ്ടെന്ന രേഖ നല്കിയത്. ഒരു ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന് രൂപപ്പെടുന്ന ജല തന്മാത്രയാണ് ഹൈഡ്രോക്‌സിലുകള്‍. ചാന്ദ്രഗര്‍ത്തമായ ബുള്ള്യാര്‍ഡ്‌സില്‍ ഇത്തരം ജലതന്മാത്രകള്‍ ധാരാളമായുണ്ടെന്നും ഗര്‍ത്തത്തിനുള്ളിലെ പാറകളില്‍ ജലമുണ്ടാകാമെന്ന സൂചനയാണ് ഇത് നല്കുന്നതെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചന്ദ്രന്റെ ധ്രുപ്രദേശങ്ങളില്‍ ജലസാന്നിധ്യമുണ്ടെന്ന സൂചന ചാന്ദ്രയാന്‍ നേരത്തെ നല്കിയിരുന്നു. നാസയുടെ പുതിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തിന്റെ വിജയം എന്നതിനുമപ്പുറം ഇന്ത്യയുടെ അഭിമാനം കൂടിയാവുകയാണ്.


കടപ്പാട് : Indiavision 

Thursday, August 29, 2013

Comet ISON - Information Apps for Android Phones

ഐസോണ്‍ വാല്‍നക്ഷത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാം.

താഴെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ.



 

Sunday, August 18, 2013

സ്പന്ദിക്കുന്ന ദൂരദര്‍ശിനി

സ്പന്ദിക്കുന്ന ദൂരദര്‍ശിനി
എന്‍ എസ് അരുണ്‍കുമാര്‍
ശൂന്യാകാശത്തുനിന്ന് ഭൂമിയെ നോക്കുന്ന ഒരാള്‍ക്ക് അതൊരു "നീലഗോള"മായി തോന്നാം. ഭൂമിയുടെ വിദൂരചിത്രം വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളിലെല്ലാം അതിന്റെ നിറം നീലയായാണ് കാണപ്പെടുന്നത്. ഇക്കാരണത്താല്‍ "ബ്ലൂ പ്ലാനെറ്റ്" എന്ന വിളിപ്പേരും ഭൂമിക്കുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ മാസം ഭൂമിയല്ലാതെയുള്ള മറ്റൊരു "നീലഗ്രഹ"ത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെയുള്ള മറ്റൊരു സൗരയൂഥത്തിലാണ് ഈ പുതിയ "ഭൂമി"യുടെ സ്ഥാനം. ഭൂമിയിലെ ജലസമൃദ്ധിയുടെ സൂചനയാണ് നീലനിറമെങ്കിലും പുതിയ ഗ്രഹത്തിന്റെ നീലനിറത്തിന് അങ്ങനെയൊരു അര്‍ഥമാവില്ല എന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴുള്ള നിലപാട്. ഹബിള്‍ ടെലസ്കോപ്പായിരുന്നു ജീവഗ്രഹങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഈ നിരീക്ഷണം നടത്തിയത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. എന്നാല്‍, വിദൂര പ്രപഞ്ചത്തിലെ ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും പ്രാപ്തരാക്കുന്ന തരത്തിലുള്ള രാജ്യാന്തര ടെലസ്കോപ്പ് പദ്ധതിയില്‍ പോയവാരം ഇന്ത്യ ഒപ്പുവയ്ച്ചു. ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുപ്പമാര്‍ന്ന ഈ ടെലസ്കോപ്പിന്റെ പേര് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" എന്നാണ്.

ഹവായ് ദ്വീപിലെ മൗനാ കീയിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" നിര്‍മിക്കുന്നത്. 2014 ഏപ്രിലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാവുന്ന ടെലസ്കോപ്പിലൂടെ, 2022ല്‍ ആദ്യ ആകാശചിത്രം ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. സമുദ്രനിരപ്പില്‍നിന്ന് 4000 മീറ്ററിലേറെ ഉയരത്തില്‍ സ്ഥാപിക്കുന്നു എന്നതാണ് അസാമാന്യ വലുപ്പത്തോടൊപ്പം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത. ദൃശ്യപ്രകാശത്തിന്റെ പരിധിക്കുള്ളിലുള്ള കാഴ്ച സാധ്യമാക്കുന്ന സാധാരണ "ഒപ്ടിക്കല്‍ ടെലസ്കോപ്പു" കളെക്കാള്‍ ഒരുപടി മുകളിലുള്ള സ്ഥാനം ഉറപ്പാക്കുന്ന മറ്റൊരു പ്രത്യേകതയും "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നുണ്ട്.

ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യപരിധിയുടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും തരംഗങ്ങളെ സ്വീകരിക്കാനും തിരിച്ചറിയാനും കഴിയുന്നു എന്നതാണ് ഈ പ്രത്യേകത. അതായത്, ഇന്‍ഫ്രാറെഡ് പരിധിയില്‍നിന്നും അള്‍ട്രാവയലറ്റ് പരിധിയില്‍നിന്നും. മാത്രമല്ല, ഭൗമാന്തരീക്ഷത്തിലൂടെ വിസരണം നടത്തിയെത്തുന്ന പ്രകാശത്തില്‍നിന്നു പ്രതിബിംബം സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാവുന്ന കുഴപ്പം പരിഹരിക്കാനുള്ള ഏറ്റവും നൂതനമായ സംവിധാനവും "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ലുണ്ട്. "അഡാപ്റ്റീവ് ഒപ്റ്റിക്സ് സിസ്റ്റം" എന്നാണ് ഇത് അറിയപ്പെടുന്നത്. 30 മീറ്റര്‍ വ്യാസമുള്ള പ്രകാശകേന്ദ്രീകരണ ദര്‍പ്പണം ഉപയോഗിക്കുന്നത് പ്രതിബിംബ രൂപീകരണത്തില്‍ കൂടുതല്‍ കുഴപ്പം ഉണ്ടാക്കും എന്നതിനാലാണ് കുഴപ്പപരിഹാരത്തിനുള്ള വിപുലമായ ഉപകരണസംവിധാനം ആവശ്യമായിവരുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയുടെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാല്‍ടെക്)യുടെയും സംയുക്ത സംരംഭമായി 1990കളുടെ അവസാനത്തിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നു തുടക്കമായത്. ഏറ്റവും മികച്ച, ഏറ്റവുമധികം സംവേദനശേഷിയുള്ള ഭൂതല ദൂരദര്‍ശിനി എന്ന ആശയമായിരുന്നു ഇതിനു പിന്നില്‍. റെക്കോഡ് വലുപ്പമായിരുന്നു തുടക്കംമുതല്‍ക്കേ പദ്ധതിയെ ശ്രദ്ധേയമാക്കിയത്. അതിനാല്‍, കലിഫോര്‍ണിയ എക്സ്ട്രീമ്ലി ലാര്‍ജ് ടെലസ്കോപ്പ് എന്നായിരുന്നു ആദ്യകാലങ്ങളില്‍ ഇതിന് പേരു നല്‍കിയത്. 2003ലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" എന്ന പേരുമാറ്റം ഉണ്ടായത്.

ചിലി, മെക്സിക്കോ, മൗനാ കീ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളാണ് ടെലസ്കോപ്പിന്റെ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. ഇവയില്‍ നറുക്കെടുപ്പിലൂടെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് മൗനാ കീ ആയിരുന്നു. 2008ലാണ്, അമേരിക്കയ്ക്കു പുറത്തുള്ള കനഡയല്ലാതെയുള്ള മറ്റൊരു രാജ്യം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" പദ്ധതിയില്‍ അംഗമാവുന്നത്. ജപ്പാനായിരുന്നു അത്. 2009ല്‍, ചൈന പദ്ധതിയില്‍ നിരീക്ഷകപദവിയുള്ള അംഗമായി. 2010ല്‍, ഇന്ത്യയിലെ ജ്യോതിശാസ്ത്ര ഗവേഷണസ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്ക് നിരീക്ഷകപദവി ലഭിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റില്‍നിന്നുള്ള ഔദ്യോഗിക അനുമതി ലഭിക്കുകയുണ്ടായില്ല. ആ കടമ്പയും കടന്നാണ്, 2013 ജൂലൈ 25ന് ഇന്ത്യ "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" പദ്ധതിയില്‍ ഔദ്യോഗിക അംഗമായത്.

എന്താണ് തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ് ?
ദൃശ്യപ്രകാശത്തോടൊപ്പം അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് എന്നീ തരംഗദൈര്‍ഘ്യങ്ങളിലുള്ള അദൃശ്യപ്രകാശത്തെയും സ്വീകരിക്കാനാവുന്ന തരത്തിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദര്‍പ്പണം ഉപയോഗിക്കുന്ന തരത്തിലുള്ള ദൂരദര്‍ശിനി കളില്‍ ഏറ്റവും വലുതാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്". ഉപകരണങ്ങളടക്കം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന്റെ ഭാരം 2000 ടണ്ണാണ്. (ഇത്രയും ഭാരമേറിയ ഉപകരണസഞ്ചയം ബഹിരാകാശത്ത് നിലയുറപ്പിച്ചിരുന്ന ദൂരദര്‍ശിനികള്‍ക്ക് അപ്രാപ്യമാണ്). കൂടുതല്‍ സംവേദനക്ഷമതയാര്‍ന്ന ഉപകരണങ്ങളുടെ സാന്നിധ്യം, "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന് ഹബിള്‍ ടെലസ്കോപ്പിനേക്കാള്‍ 10 മടങ്ങ് കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ ശേഖരിക്കുന്നതിനു സഹായകമാവും.

സ്പന്ദിക്കുന്ന ദൂരദര്‍ശിനി
"തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന്റെ ഏറ്റവും പ്രധാന സവിശേഷത, അതൊരു "സ്പന്ദിക്കുന്ന ദൂരദര്‍ശിനി"യാണെന്നതാണ്. ഭൗമാന്തരീക്ഷത്തിലൂടെ കടന്നെത്തുന്ന പ്രകാശരശ്മികളുടെ വിസരണംമൂലം ദൂരദര്‍ശിനി സൃഷ്ടിക്കുന്ന പ്രതിബിംബത്തിനു സംഭവിക്കുന്ന "വിരൂപണങ്ങള്‍" ഒഴിവാക്കാനായി തയ്യാറാക്കപ്പെട്ട സംവിധാനങ്ങളാണ് ഈ സ്പന്ദിക്കലിന് അടിസ്ഥാനം. 30 മീറ്റര്‍ വ്യാസമുള്ള പ്രകാശകേന്ദ്രീകരണ ദര്‍പ്പണം 492 ചെറുഘടകങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിലെ ഓരോ ഘട്ടത്തിന്റെയും ആകൃതി, ഒരു സെക്കന്‍ഡില്‍ത്തന്നെ അനവധി തവണ വ്യത്യാസപ്പെടുന്ന തരത്തിലാണ്. അന്തരീക്ഷത്തിന്റെ വിസരണസ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, അതീവസംവേദനശേഷിയുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് ഇതു നിയന്ത്രിക്കുന്നത്.

പ്രപഞ്ചവികാസം ചോദ്യംചെയ്യപ്പെടുന്നു

പ്രപഞ്ചവികാസം ചോദ്യംചെയ്യപ്പെടുന്നു
സാബു ജോസ്
പ്രപഞ്ചോല്‍പ്പത്തി പരിണാമത്തെക്കുറിച്ച് ഇന്നു നിലവിലുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തം മഹാവിസ്ഫോടന മാതൃകതന്നെയാണ്. ദ്രവ്യ-ഊര്‍ജ സാന്ദ്രത അനന്തമായ വൈചിത്ര്യ ബിന്ദുവില്‍ (ശെിഴൗഹമൃശേ്യ) ഉണ്ടായ മഹാവിസ്ഫോടനത്തെത്തുടര്‍ന്ന് പ്രപഞ്ചം വികസിക്കാനാരംഭിച്ചു. ആ വികാസം ഇന്നും തുടരുകയാണ്. ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ ചിത്രങ്ങള്‍ പരസ്പരം അകന്നുപോകുന്നതുപോലെ നക്ഷത്രസമൂഹങ്ങള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. ബലൂണിലെ ചിത്രങ്ങള്‍ക്കെന്നപോലെ പ്രപഞ്ചത്തിനും ഒരു കേന്ദ്രബിന്ദു കണ്ടെത്താനാവില്ല. ഇപ്പോഴിതാ പരമ്പരാഗത മഹാവിസ്ഫോടന മാതൃകയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന മാതൃകയുമായി രംഗത്തെത്തിയിരിക്കുന്നത് ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാലയിലെ സൈദ്ധാന്തിക ശാസ്ത്രജ്ഞനായ ക്രിസ്റ്റോഫ് വെറ്റെറിച്ച് ആണ്. പ്രപഞ്ചം വികസിക്കുന്നില്ലെന്നും മൗലികകണങ്ങള്‍ക്ക് പിണ്ഡം വര്‍ധിക്കുന്നതുകൊണ്ടുള്ള മിഥ്യാദര്‍ശനം മാത്രമാണ് ഗ്യാലക്സികളുടെ പലായനമെന്നുമാണ് ക്രിസ്റ്റോഫ് വാദിക്കുന്നത്. ജൂലൈയില്‍ നേച്ചര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ക്രിസ്റ്റോഫ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. ക്രിസ്റ്റോഫിന്റെ വാദത്തെ ശാസ്ത്രസമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. ഈ മാതൃക അനുസരിച്ച് പരമ്പരാഗത മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ മുഴച്ചുനില്‍ക്കുന്ന വൈചിത്ര്യ പ്രഹേളികയെ അനായാസം കൈകാര്യംചെയ്യാന്‍ കഴിയുമെന്നാണ് അവകാശവാദം.

പ്രപഞ്ചവികാസ സിദ്ധാന്തം
ഏതെങ്കിലുമൊരു ഖഗോള ദ്രവ്യപിണ്ഡം ഭൂമിയില്‍നിന്ന് അകലുകയോ ഭൂമിയെ സമീപിക്കുകയോ ചെയ്യുന്നത് കണ്ടെത്തുന്നതിന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഡോപ്ലര്‍ ഷിഫ്റ്റിങ് അഥവാ ചുമപ്പുനീക്കം. ദ്രവ്യപിണ്ഡം ആഗിരണം ചെയ്യുകയോ ഉത്സര്‍ജിക്കുകയോ ചെയ്യുന്ന പ്രകാശതരംഗങ്ങളുടെ ആവൃത്തിയെ ആശ്രയിച്ചാണ് ഈ സങ്കേതം പ്രവര്‍ത്തിക്കുന്നത്. ഒരു ഖഗോള പ്രതിഭാസം ഭൂമിയില്‍നിന്ന് അകന്നുപോവുകയാണെങ്കില്‍ അവ ഉത്സര്‍ജിക്കുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം വര്‍ധിക്കുകയും വിദ്യുത്കാന്തിക സ്പെക്ട്രത്തിലെ ഇന്‍ഫ്രാറെഡ് ശ്രേണിയിലേക്കു നീങ്ങുകയും ചെയ്യും. ഇതാണ് ചുമപ്പുനീക്കം എന്നറിയപ്പെടുന്നത്. ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെങ്കില്‍ പ്രകാശകിരണങ്ങളുടെ നീക്കം ആവൃത്തികൂടിയ നീല ശ്രേണിയിലേക്കാകും. ചുമപ്പുനീക്കത്തിന്റെ ഈ വിപരീത പ്രതിഭാസത്തിന് നീലനീക്കം എന്നാണ് പറയുന്നത്. 1920കളില്‍ത്തന്നെ ജോര്‍ജ് ലെമൈത്ര, എഡ്വിന്‍ ഹബിള്‍ തുടങ്ങിയ ജ്യോതിശാസ്ത്രജ്ഞര്‍ വിദൂര നക്ഷത്രസമൂഹങ്ങള്‍ എല്ലാം ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തി. അകലം കൂടുന്നതിനനുസരിച്ച് ചുമപ്പുനീക്കവും ശക്തമാകുന്നുണ്ട്. ഈ കണ്ടെത്തലോടുകൂടിയാണ് വികസിക്കുന്ന പ്രപഞ്ചമെന്ന പരികല്‍പ്പനയില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നത്.

പുതിയ അവകാശവാദം
ക്രിസ്റ്റോഫ് വെറ്ററിച്ച് വിരല്‍ചൂണ്ടുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. ആറ്റങ്ങളില്‍നിന്ന് ഉത്സര്‍ജിക്കുന്ന പ്രകാശത്തിന്റെ സവിശേഷതകള്‍ അവയിലുള്ള മൗലികകണങ്ങളുടെ, വിശേഷിച്ചും ഇലകേ്ട്രോണുകളുടെ പിണ്ഡത്തെ ആശ്രയിച്ചാണിരിക്കുന്നത്. മൗലികകണങ്ങളുടെ ഭാരം വര്‍ധിക്കുന്നതിനനുസരിച്ച് ഉത്സര്‍ജിക്കുന്ന പ്രകാശകണങ്ങളുടെ ഊര്‍ജനിലയും വര്‍ധിക്കും. ഊര്‍ജനില വര്‍ധിക്കുകയെന്നാല്‍ അതിനര്‍ഥം പ്രകാശകിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുകയെന്നാണ്. ഇതുതന്നെയാണ് നീലനീക്കത്തിലും സംഭവിക്കുന്നത്. ഇതിനു വിപരീതമായി ആറ്റങ്ങളുടെ പിണ്ഡം കുറയുകയാണെങ്കില്‍ അവ ഉത്സര്‍ജിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജനില താഴുകയും തരംഗദൈര്‍ഘ്യം വര്‍ധിച്ച് ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇനി ക്രിസ്റ്റോഫിന്റെ സിദ്ധാന്തം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം. പ്രകാശപ്രവേഗം ഒരു ക്ലിപ്തസംഖ്യയാണ്. അതു സഞ്ചരിക്കുന്നത് സമയത്തെ ആധാരമാക്കിയുമാണ്. ഒരു വിദൂര നക്ഷത്രസമൂഹത്തെ നിരീക്ഷിക്കുന്ന ഭൂമിയിലുള്ള നിരീക്ഷകന്‍ കാണുന്നത് ലക്ഷങ്ങളോ കോടികളോ വര്‍ഷം മുമ്പുണ്ടായിരുന്ന നക്ഷത്രസമൂഹത്തിന്റെ ദൃശ്യമാണ്. പ്രപഞ്ചത്തില്‍ കൂടുതല്‍ ദൂരേയ്ക്കു നോക്കുകയെന്നാല്‍ ഭൂതകാലത്തേക്ക് നോക്കുകയെന്നാണ് അര്‍ഥമാക്കുന്നത്. വിദൂര ഗ്യാലക്സികള്‍ പ്രദര്‍ശിപ്പിക്കുന്ന ചുമപ്പുനീക്കം അവയിപ്പോഴും അകന്നുപൊയ്ക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാകണമെന്നില്ല. കോടിക്കണക്കിന് വര്‍ഷം മുമ്പ് പിണ്ഡം കുറഞ്ഞ മൗലികകണങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ട ദ്രവ്യരൂപങ്ങള്‍ ഉത്സര്‍ജിച്ച ഊര്‍ജനില കുറഞ്ഞ ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള പ്രകാശമാണ് ഇന്ന് നിരീക്ഷകന്റെ കണ്ണുകളിലെത്തുന്നത്. ഇതൊരിക്കലും വിദൂര ഗ്യാലക്സികള്‍ അകന്നുപോകുന്നതിന്റെ സൂചനയായി കണക്കാക്കാന്‍ കഴിയില്ല. ഇന്നു കാണുന്ന ഈ മഹാപ്രപഞ്ചം സ്ഥിരമാണ്, അത് വികസിക്കുന്നില്ല, അല്ലെങ്കില്‍ അത് സങ്കോചിക്കാന്‍ തുടങ്ങുകയാണ്. അതിന്റെ സൂചനയാണ് മൗലികകണങ്ങളുടെ ഭാരവര്‍ധനവെന്നാണ് ക്രിസ്റ്റോഫിന്റെ വാദം.

സംവാദം തുടരുന്നു
ക്രിസ്റ്റോഫ് വെറ്ററിച്ചിന്റെ ആശയങ്ങള്‍ ഗംഭീരമാണെങ്കിലും വലിയൊരു പ്രശ്നം കീറാമുട്ടിയായി നിലനില്‍ക്കുന്നുണ്ട്. ഈ പുതിയ സമീപനം ഗണിതപരമായി സ്ഥാപിക്കാന്‍കഴിയുമെങ്കിലും നേരിട്ട് പരീക്ഷിച്ചറിയാന്‍ കഴിയില്ല. ഉദാഹരണമായി ഭാരമെന്നത് അളക്കുന്നതിനുള്ള ഒരു മാനമാണ്. മറ്റേതെങ്കിലും ഒന്നിനോട് ആപേക്ഷികമായി മാത്രമേ അളക്കാന്‍ സാധിക്കൂ. ക്രിസ്റ്റോഫിന്റെ സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചത്തിലുള്ളതിനെല്ലാം ഭാരം വര്‍ധിക്കുകയാണെങ്കില്‍ മൗലികകണങ്ങളുടെ ഭാരവര്‍ധന തിരിച്ചറിയാന്‍കഴിയില്ല. എന്നാല്‍, ഈ കാരണംകൊണ്ടു മാത്രം ക്രിസ്റ്റോഫിന്റെ വാദത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരുമുണ്ട്.

വരുന്നു....ഭീമന്‍ കണികാത്വരത്രങ്ങള്‍

വരുന്നു....ഭീമന്‍ കണികാത്വരത്രങ്ങള്‍
സാബു ജോസ്

ദൈവകണം ശാസ്ത്രത്തിന്റെ കൈപ്പിടിയിലൊതുങ്ങി. കണികാ ഭൗതികത്തില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു മുന്നിലുള്ളത്. പ്രപഞ്ചത്തിലെ അധികമാനങ്ങളും സൂപ്പര്‍സമമിതിയും ശ്യാമദ്രവ്യവുമെല്ലാം ഉയര്‍ന്നുവരുമ്പോള്‍ അവയും ഭൗതികശാസ്ത്രത്തിന്റെ വരുതിയിലാക്കേണ്ടതുണ്ട്. അതിനുള്ള മറുപടിയാണ് ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന രണ്ട് ഭീമന്‍ കണികാത്വരത്രങ്ങള്‍.

വെരിലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (VLHC)

സോണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ -(LHC) നാലു മടങ്ങ് വലുപ്പവും ഏഴു മടങ്ങ് ശക്തവുമായ കണികാത്വരത്രം നിര്‍മിക്കാനൊരുങ്ങുന്നു. 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിക്കടിയില്‍ നിര്‍മിക്കുന്ന ഈ ഭീമന്‍ കണികാത്വരത്ര്വത്തില്‍ 100 TeV (ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട്) എന്ന അത്യുന്നത ഊര്‍ജനിലയത്തില്‍ കണികാസംഘട്ടനം നടത്താന്‍കഴിയും. ലോഡ്കണക്കിന് ദൈവകണങ്ങള്‍ സൃഷ്ടിക്കാന്‍കഴിയുമെന്നര്‍ഥം! ജനീവയില്‍, ഫ്രാന്‍സ്-സിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച 27 കിലോമീറ്റര്‍ ചുറ്റളവുള്ള എല്‍എച്ച്സിയാണ് ഇന്ന് ലോകത്തുള്ള ഏറ്റവും വലുതും ശക്തവുമായ കണികാത്വരത്രം.

14 TeV ഊര്‍ജനിലയില്‍വരെ ഇവിടെ കണികാസംഘട്ടനം നടത്താന്‍കഴിയും. കണികാഭൗതികത്തിന്റെ മാനക മാതൃകയില്‍ മൗലികകണങ്ങള്‍ക്ക് പിണ്ഡം പ്രധാനംചെയ്യുന്ന ഹിഗ്സ് ക്ഷേത്രവും (Higgs field), അതിന്റെ സൈദ്ധാന്തിക കണമായ ഹിഗ്സ് ബോസോണും (Higgs Boson) പരീക്ഷണത്തിലൂടെ സൃഷ്ടിച്ചത് എല്‍എച്ച്സിയിലാണ്. അമേരിക്കയില്‍ ഫെര്‍മിലാബിലുള്ള, ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയ ടെവാട്രോണ്‍ (Tevatron) എന്ന കണികാത്വരത്രത്തിന്റെ അടിത്തറയിലാണ് വിഎല്‍എച്ച്സി നിര്‍മിക്കുന്നത്. ഫെര്‍മിലാബിന്റെ ക്യാമ്പസില്‍നിന്നു കുറച്ച് പുറത്തേക്കുണ്ടാകും വിഎല്‍എച്ച്സിയുടെ ടണലുകള്‍. 100 കിലോമീറ്റര്‍ ചുറ്റളവില്‍ തുരങ്കം ഉണ്ടാക്കുന്നതും അതിസങ്കീര്‍ണമായ ശാസ്ത്രീയ ഉപകരണങ്ങളും ശക്തമായ വൈദ്യുത കാന്തങ്ങളും സജ്ജീകരിക്കുന്നതിന് നിരവധി സാങ്കേതിക, സാമ്പത്തിക തടസ്സങ്ങളുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ജൂണ്‍ 19നുനടത്തിയ പ്രസ്മീറ്റില്‍ സ്നോമാസ് (snowmass) സമ്മേളനത്തിലെ ശാസ്ത്രസംഘത്തിന്റെ വക്താവ് പറയുന്നത്.

ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡര്‍ (ILC)

സോണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ 30 ശതമാനം വലുപ്പക്കൂടുതലുള്ള പുതിയ കണികാത്വരത്രം ജപ്പാനില്‍ നിര്‍മിക്കുന്നു. ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡര്‍ (International Linear Collider ILC) എന്ന ഈ കണികാത്വരത്രത്തിന്റെ രൂപരേഖ ശാസ്ത്രസംഘം ജൂണില്‍ അവതരിപ്പിച്ചു. 32 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ കണികാത്വരത്രം നിര്‍മിക്കുന്നത്. വലുപ്പം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ഉയര്‍ന്ന ഊര്‍ജനിലയില്‍ കണികാസംഘട്ടനം നടത്താന്‍ ഐഎല്‍സിക്കു കഴിയും. ശ്യാമദ്രവ്യത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഐഎല്‍സിയില്‍ പ്രഥമ പരിഗണന നല്‍കുന്നത്. 780 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്.

ലോകമെമ്പാടുമുള്ള ആയിരത്തില്‍പ്പരം ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ത്വരത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 7000 തവണ ഇലക്ട്രോണുകളും അവയുടെ പ്രതികണമായ പോസിട്രോണുകളും തമ്മില്‍ കൂട്ടിയിടിപ്പിക്കാന്‍ ഐഎല്‍സിയില്‍ കഴിയും. അതുവഴി സൃഷ്ടിക്കുന്ന നിരവധി ദുരൂഹ കണങ്ങള്‍ക്കൊപ്പം ശ്യാമദ്രവ്യ കണികകളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണികാത്വരത്രങ്ങളുടെ വലുപ്പത്തിനു പിന്നിലുള്ള ശാസ്ത്രം

കണികാസംഘടട്ടനം നടത്തുന്നതിന് ചാര്‍ജിത കണങ്ങളുടെ ദിശമാറ്റുമ്പോള്‍ അവയുടെ ഊര്‍ജം കുറെ നഷ്ടമാകും (Synchrotron Radiation). കണങ്ങളുടെ സഞ്ചാരവേഗം വര്‍ധിപ്പിച്ചാണ് ഒരുപരിധിവരെ ഈ ഊര്‍ജനഷ്ടം പരിഹരിക്കുന്നത്. അതിന് വക്രത കുറഞ്ഞ കൂടുതല്‍ വ്യാസമുള്ള ടണലുകളാണ് അഭികാമ്യം. ഉയര്‍ന്ന ഊര്‍ജ നിലയില്‍ കണികാസംഘട്ടനം നടത്തുമ്പോള്‍ സൈദ്ധാന്തികമായി മാത്രം നിലനില്‍ക്കുന്നതും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതുമായ നിരവധി ദുരൂഹകണങ്ങളെ സൃഷ്ടിക്കാന്‍കഴിയും. സോണിലെ ലാര്‍ജ്ഹാഡ്രോണ്‍ കൊളൈഡറില്‍ ഞൊടിയിടകൊണ്ട് മിന്നിമറിഞ്ഞ ഹിഗ്സ് ബോസോണിനപ്പുറം അധിക മാനങ്ങളിലുള്ള (Extra dimensions) സൂപ്പര്‍ സമമിതി കണങ്ങളെ (Super Symmetric Particles SUSY particles) സൃഷ്ടിക്കുന്നതിനും വലിയ കണികാത്വരത്രങ്ങള്‍ക്കു കഴിയും. എന്നാല്‍ ഈ കണങ്ങള്‍ക്ക് പിണ്ഡം കൂടുതലായതുകൊണ്ട് അവയെ സൃഷ്ടിക്കുന്നതിനുവേണ്ടി നടത്തുന്ന കണികാ സംഘട്ടനങ്ങള്‍ അത്യുന്നത ഊര്‍ജനിലയിലാകണം.

സേണിലെ ലാര്‍ജ് ഹാഡോണ്‍ കൊളൈഡര്‍ ഉള്‍പ്പെടെ നിലവിലുള്ള മറ്റേത് കണികാത്വരത്രത്തിലും ഇതിനാവശ്യമായ ഊര്‍ജനില കൈവരിക്കാനാവില്ല. അതുകൊണ്ട് കുടുതല്‍ വലതും ശക്തവുമായ കണികാത്വരത്രങ്ങള്‍ ഭാവിയില്‍ ആവശ്യമാണ്. കണികാ ഭൗതികം അഭിമുഖീകരിക്കുന്ന നിരവധി സൈദ്ധാന്തിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാകും ഇത്തരം വലിയ കണികാത്വരത്രങ്ങള്‍. കണികാത്വരത്രങ്ങളുടെ നിര്‍മാണച്ചെലവ് അത്ര നിസ്സാരമല്ല. 27 കിലോമീറ്റര്‍ ചുറ്റളവുള്ള സോണിലെ എല്‍എച്ച്സിയുടെ നിര്‍മാണച്ചെലവുമാത്രം 900 കോടി ഡോളറിലധികമാണ്. പ്രവര്‍ത്തനം നടക്കുന്നതിനനുസരിച്ച് ചെലവ് വര്‍ധിക്കുകയും ചെയ്യും. അതുമാത്രമല്ല, ഇത്രയധികം സാമ്പത്തികബാധ്യതയുള്ള ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ പ്രധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും കഴിയണം.

1980കളില്‍ യുഎസിലെ ടെക്സാസില്‍ നിര്‍മാണം ആരംഭിച്ച 87 കിലോമീറ്റര്‍ ചുറ്റളവുള്ള സൂപ്പര്‍ കണ്ടക്ടിങ് സൂപ്പര്‍ കൊളൈഡറിന്റെ (Super conducting Super collider) ഗതി ഈ പദ്ധതിക്കും ഉണ്ടാകരുതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാര്‍ഥന. ചെലവ് ഗണ്യമായി വര്‍ധിച്ചപ്പോള്‍ 1993ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പദ്ധതിക്കുള്ള അംഗീകാരം നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇപ്പോള്‍ കുറെ കെട്ടിടങ്ങള്‍ മാത്രം അനാഥമായി കിടക്കുന്നുണ്ടവിടെ. സാമ്പത്തികബാധ്യതയിലുപരി മനുഷ്യന്റെ അന്വേഷണ തൃഷ്ണയാണ് ഇത്തരം സങ്കീര്‍ണ, ശാസ്ത്രീയ ഉപകരണങ്ങളുടെ പിന്നിലുള്ള ചാലകശക്തി. പാഠപുസ്തകത്തിലെ ഭൗതികശാസ്ത്രപഠനം ഈ മഹാപ്രപഞ്ചത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. നമ്മുടെ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം കെട്ടിപ്പൊക്കിയതും ഈ അഞ്ചുശതമാനത്തില്‍ താഴെയാണ്. അതിനുമപ്പുറമുള്ള അത്ഭുതങ്ങള്‍ കണ്ടെത്താനുള്ള ത്വരതന്നെയാണ് ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണത്തിനു പിന്നിലുള്ളത്.

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍
എന്‍ എസ് അരുണ്‍കുമാര്‍

മറക്കാനാവുമോ പ്ലൂട്ടോയെ? 2006ല്‍ "ഗ്രഹപദവി" നഷ്ടമായതിനെത്തുടര്‍ന്ന് വിസ്മൃതിയിലാവുകയായിരുന്നു പ്ലൂട്ടോ. 2006 ആഗസ്ത് 24നാണ് "ഗ്രഹം" എന്നാലെന്ത് എന്ന് നിര്‍വചിക്കുന്നതിലൂടെ അസ്ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ ഗ്രഹപദവിയില്‍നിന്നു പുറത്താക്കുന്നത്. സൗരയൂഥത്തിന്റെ അതിര്‍ത്തിദേശങ്ങളിലൂടെ ഭൂമിയെ ചുറ്റുന്ന അനവധി "കുള്ളന്‍ഗ്രഹ" ങ്ങളില്‍ ഒന്നുമാത്രമാണ് പ്ലൂട്ടോ എന്ന തീരുമാനമായിരുന്നു അസ്ട്രോണമിക്കല്‍ യൂണിയന്റേത്. അതിനുശേഷം ഇതാദ്യമായാണ് പ്ലൂട്ടോയെ സംബന്ധിക്കുന്ന മറ്റൊരു കാര്യത്തില്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ തീരുമാനമെടുക്കുന്നത്.

പ്ലൂട്ടോയുടെ പുതുതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് ഔദ്യോഗികനാമങ്ങള്‍ നിശ്ചയിച്ചുനല്‍കിയതാണ് പ്ലൂട്ടോയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. നിലവില്‍ പ്ലൂട്ടോയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ക്കാണ് ഔദ്യോഗികനാമം ഉണ്ടായിരുന്നത്. ഷാരോണ്‍ , നിക്സ് ഹൈഡ്ര (ഒ്യറൃമ) എന്നിവയായിരുന്നു അവ. ഇവയെക്കൂടാതെ രണ്ട് ഉപഗ്രഹങ്ങള്‍കൂടി പ്ലൂട്ടോയ്ക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. 2011 ജൂലൈ 20ന് ഹബ്ബിള്‍ ടെലസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണമാണ് പ്ലൂട്ടോയ്ക്ക് നാലാമതായി ഒരു ഉപഗ്രഹംകൂടി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, പുതിയ കണ്ടെത്തല്‍, അസ്ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിക്കേണ്ടതുള്ളതിനാല്‍ അതിന് "പി4" (ജ4) എന്ന താല്‍ക്കാലിക നാമമാണ് നല്‍കിയിരുന്നത്. ഒരുവര്‍ഷം കഴിഞ്ഞ്, 2012 ജൂലൈ 11ന്, പ്ലൂട്ടോയുടെതന്നെ അഞ്ചാമതൊരു ഉപഗ്രഹംകൂടി കണ്ടെത്തി. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹം എന്ന അര്‍ഥത്തില്‍ "പി5" (ജ5) എന്ന (താല്‍ക്കാലിക) നാമമാണ് അതിനു നല്‍കിയത്. ഈ രണ്ടു പുതിയ ഉപഗ്രഹങ്ങള്‍ക്കുമാണ് അസ്ട്രോണമിക്കല്‍ യൂണിയന്‍ പുതിയ ഔദ്യോഗികനാമങ്ങള്‍ നല്‍കി അംഗീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച്, പ്ലൂട്ടോയുടെ നാലാം ഉപഗ്രഹത്തിന്റെ പേര് "കെര്‍ബെറൊസ്" എന്നാകും. അഞ്ചാം ഉപഗ്രഹത്തിന്റേത് "സ്റ്റൈക്സ്" എന്നും.

2013ന്റെ തുടക്കത്തില്‍, ഇന്റര്‍നെറ്റിലൂടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെയായിരുന്നു പ്ലൂട്ടോയുടെ പുതിയ ഉപഗ്രഹങ്ങള്‍ക്കായുള്ള നാമനിര്‍ദേശം സ്വീകരിച്ചത്. എന്നാല്‍, ഏറ്റവുമധികം പേര്‍ നിര്‍ദേശിച്ച പേര് അസ്ട്രണോമിക്കല്‍ യൂണിയന്‍ സ്വീകരിക്കുകയുണ്ടായില്ല. "വള്‍ക്കന്‍" എന്നതായിരുന്നു ഏറ്റവുമധികം അഭിപ്രായവോട്ട് നേടിയ പേര്. അസ്ട്രോണമിക്കല്‍ യൂണിയന്റെ നിയമപ്രകാരം, ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട പേരാണ് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും നിര്‍ദേശിക്കേണ്ടത്. ഇതനുസരിച്ചുതന്നെയായിരുന്നു "വള്‍ക്കന്‍" എന്ന നാമനിര്‍ദേശം. ഗ്രീക് പുരാണപ്രകാരം അഗ്നിപര്‍വതങ്ങളുടെ ദേവനായിരുന്നു "വള്‍ക്കന്‍". എന്നാല്‍, ബുധഗ്രഹത്തിന്റെ പരിക്രമണ പാതയ്ക്കുള്ളിലൂടെ സൂര്യനെ ചുറ്റുന്നതായി കരുതുന്ന ഒരു ഗ്രഹത്തിന് ആ പേരു നല്‍കി എന്ന ന്യായംപറഞ്ഞാണ് "വള്‍ക്കന്‍" എന്ന പേര്, അസ്ട്രോണമിക്കല്‍ യൂണിയന്‍ "വീറ്റോ" ചെയ്തത്. ഇപ്പോള്‍ തെരഞ്ഞെടുത്ത "കെര്‍ബെറൊസ്" എന്ന പേരില്‍ ഒരു ഛിന്നഗ്രഹത്തിന്റെ നാമകരണം അസ്ട്രണോമിക്കല്‍ യൂണിയന്‍ മുമ്പു നിര്‍വഹിച്ചിട്ടുണ്ട്. "1865 സെര്‍ബെറസ്" എന്ന പേരില്‍. "സെര്‍ബറസ്" എന്നതിന്റെ ഗ്രീക് രൂപാന്തരമാണ് "കെര്‍ബെറൊസ്" എന്നത്. "

ന്യൂ ഹൊറെസണി"നു വിനയാവുമോ?
"വളരെ അച്ചടക്കത്തോടെ നീങ്ങുന്ന പട്ടാളക്കാരെപ്പോലെ..." പ്ലൂട്ടോയുടെ പുതിയ ഉപഗ്രഹങ്ങളെ മാര്‍ക് ഷൂവാള്‍ട്ടര്‍ എന്ന വാനനിരീക്ഷകന്‍ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹമായ "സ്റ്റൈക്സി"നെ കണ്ടെത്തിയ ഗവേഷണസംഘത്തിന്റെ തലവനാണ് മാര്‍ക് ഷൂവാള്‍ട്ടര്‍. പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങളും, കൃത്യമായും വൃത്താകാരത്തിലുള്ള പരിക്രമണ പാതയിലൂടെ സഞ്ചരിക്കുന്നവയാണ്. മാത്രമല്ല, മറ്റ് ഉപഗ്രഹങ്ങളുടെ പരിക്രമണപഥങ്ങളും പുതിയ ഉപഗ്രഹങ്ങളുടെ പരിക്രമണ പാതയും ഒരേതലത്തിലുള്ളതാണ്. എന്നാല്‍ ഇതിലുപരി, മാര്‍ക് ഷൂവാള്‍ട്ടറിന്റെ അഭിപ്രായപ്രകടനത്തിന് മറ്റൊരു അര്‍ഥതലംകൂടി ഉണ്ടെന്നത് ശ്രദ്ധേയമാണ്. 2015 ജൂലൈ 15ന്, പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നതരത്തില്‍ "നാസ" വിട്ടയച്ചിരിക്കുന്ന പര്യവേക്ഷണ ദൗത്യമാണ് "ന്യൂ ഹൊറൈസണ്‍സ്" . പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ഏറ്റവും ഉള്ളിലുള്ള ഷാരോണിന് വളരെ അടുത്തുകൂടി പറക്കുകയും മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കുകയുമാണ് "ന്യൂ ഹൊറൈസണി"ന്റെ വിക്ഷേപണലക്ഷ്യം. 2006 ജനുവരി 19നാണ് അമേരിക്ക "ന്യൂ ഹൊറൈസണ്‍" വിക്ഷേപിച്ചത്. അന്ന്, പ്ലൂട്ടോയ്ക്ക് പുതിയ രണ്ട് ഉപഗ്രഹങ്ങളുള്ള കാര്യം വെളിപ്പെട്ടിട്ടില്ലായിരുന്നു. അതിനാല്‍, "ന്യൂഹൊറൈസണ്‍" ഇവയിലേതെങ്കിലുമായി കൂട്ടിയിടിക്കുമോ എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്.

പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍

1. ഷാരോണ്‍
പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ആദ്യം കണ്ടെത്തിയതും ഏറ്റവും വലുതും ഷാരോണാണ്. 1978ല്‍ ജെയിംസ് ക്രിസ്റ്റി എന്ന വാനനിരീക്ഷകനാണ് ഷാരോണിനെ കണ്ടെത്തിയത്. പ്ലൂട്ടോയും ഷാരോണും പരസ്പരം പരിക്രമണം ചെയ്യുന്നവയാണ് എന്ന പ്രത്യേകതയുണ്ട്.

2. നിക്സ്
വാനനിരീക്ഷകരുടെ രണ്ട് വ്യത്യസ്ത സംഘടനകള്‍ 2005 മെയ്, ജൂണ്‍ മാസങ്ങളിലായാണ് "നിക്സി"നെ കണ്ടെത്തിയത്. ഗ്രീക് പുരാണപ്രകാരം "ഇരുട്ടിന്റെ മാതാവാ" ണ് "നിക്സ്" . അസ്ട്രോണമിക്കല്‍ യൂണിയന്‍ നല്‍കിയ പേരില്‍ സ്പെല്ലിങ് "ചകത" എന്നാണ്.

3. ഹൈഡ്ര
ഹെര്‍ക്കുലീസുമായി യുദ്ധംചെയ്ത, ആറുതലയുള്ള സര്‍പ്പത്തിന്റെ പേരാണ്, ഗ്രീക് പുരാണപ്രകാരം ഹൈഡ്ര. "നിക്സി"നെ കണ്ടെത്തിയ അതേ ഗവേഷസംഘം, അതേ കാലയളവില്‍ (2005 മെയ്, ജൂണ്‍)ത്തന്നെയാണ് "ഹൈഡ്ര"യെയും കണ്ടെത്തിയത്. ഹബ്ബിള്‍ ടെലസ്കോപ്പ് ശേഖരിച്ച ചിത്രങ്ങളാണ് കണ്ടെത്തലിലേക്കു നയിച്ചത്.

4. കെര്‍ബെറൊസ്
പ്ലൂട്ടോയുടെ നാലാം ഉപഗ്രഹമായി 2011 ജൂലൈയിലാണ് തിരിച്ചറിയപ്പെട്ടതെങ്കിലും, ഹബ്ബിള്‍ ടെലസ്കോപ്പ് 2006 ഫെബ്രുവരിയില്‍ ശേഖരിച്ച ഫോട്ടോകളില്‍പ്പോലും "കെര്‍ബെറൊസി"ന്റെ മങ്ങിയ രൂപം ദൃശ്യമായിരുന്നു. പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ "സ്റ്റൈക്സ്" കഴിഞ്ഞാല്‍ ഏറ്റവും ചെറുത് "കെര്‍ബെറൊസ്" ആണ്.

5. സ്റ്റൈക്സ്
ഗ്രീക് പുരാണം അനുസരിച്ച് മരണാനന്തര ലോകത്തിന്റെ അധിപനായ പ്ലൂട്ടോയുടെ കൊട്ടാരത്തിന് കാവല്‍നില്‍ക്കുന്ന നായയാണ് "സ്റ്റൈക്സ്". പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളില്‍ ഏറ്റവും ഒടുവിലായി കണ്ടെത്തിയതും ഏറ്റവും ചെറുതും "സ്റ്റൈക്സ്" ആണ്. പ്ലൂട്ടോയുടെ അഞ്ചാം ഉപഗ്രഹമാണ് "സ്റ്റൈക്സ്".

ഐആര്‍എന്‍എസ്എസ് - ഇന്ത്യന്‍ ജിപിഎസ്


ഐആര്‍എന്‍എസ്എസ് ഇന്ത്യന്‍ ജിപിഎസ്

അമേരിക്കന്‍ ജിപിഎസിന് ഇന്ത്യന്‍ മറുപടി.
ഐആര്‍എന്‍എസ്എസ്-1എ. ഇന്ത്യയുടെ നാവിഗേഷന്‍ (ദിശാനിര്‍ണയ) ഉപഗ്രഹശ്രേണിയിലെ ആദ്യ പേടകം ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS-IA)- ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിയതോടെ ഉപഗ്രഹ സഹായത്തോടെയുള്ള സ്ഥാനനിര്‍ണയ മേഖലയില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ കാലമാണ് വരുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങളിലൊന്നായ, ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV-C22) ചിറകിലേറിയാണ് ഉപഗ്രഹം യാത്ര ആരംഭിച്ചത്. പൂര്‍ണമായും ഐഎസ്ആര്‍ഒയുടെ ബംഗളൂരു ആസ്ഥാനത്ത് വികസിപ്പിച്ചെടുക്കുന്ന, ഏഴ് ഉപഗ്രഹശൃംഖലയിലെ ആദ്യപേടകമാണ് ഇപ്പോള്‍ യാത്രതിരിച്ചത്.

ആറു മാസത്തില്‍ ഒന്നുവീതം എന്ന ക്രമത്തില്‍ തുടര്‍ന്നുള്ള ആറ് ഉപഗ്രഹങ്ങള്‍കൂടി ഇനി വിക്ഷേപിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളിലായി ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്ന ഏഴ് ഉപഗ്രഹങ്ങളുടെ സംഘാതത്തിന് അമേരിക്കയുടെ ജിപിഎസുമായും യൂറോപ്പിന്റെ ഗലീലിയോയുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു കഴിയും. പലപ്പോഴും അവയെക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഐആര്‍എന്‍എസ്എസിന്റെ സേവനം രാജ്യത്തെ ജനങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1600 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ചെലവഴിച്ചത്. ഇപ്പോള്‍ ജിപിഎസ് സാറ്റലൈറ്റ് നല്‍കുന്ന സേവനങ്ങള്‍ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രഥമ ലക്ഷ്യം. മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കര, നാവിക, വ്യോമ ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനും ഇനി എളുപ്പമാകും.

മറ്റൊന്ന്, സൈനികാവശ്യങ്ങള്‍ക്കായുള്ളതാണ്. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തെരച്ചില്‍സംവിധാനങ്ങള്‍ ഫലപ്രദമാക്കാന്‍ ഈ ഉപഗ്രഹ ശൃംഖല വലിയ സേവനമാകും കാഴ്ചവയ്ക്കുന്നത്. 1450 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ ഒരു നാവിഗേഷന്‍ പേലോഡും ഒരു സിഡിഎംഎ റേഞ്ചിങ് പേലോഡും കൊണ്ടുപോകുന്നുണ്ട്. രണ്ട് വ്യത്യസ്ത ബാന്‍ഡ്വിഡ്ത്തിലുള്ള (എല്‍5, എസ്-ബാന്‍ഡ്) സിഗ്നലുകളാണ് ഇവ സൃഷ്ടിക്കുന്നത്.

പിഎസ്എല്‍വി എന്ന പടക്കുതിര

ഇരുപതു മിനിറ്റ്... 17 സെക്കന്‍ഡ്... വിക്ഷേപണ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒയുടെ പടക്കുതിരയായ പിഎസ്എല്‍വിക്ക് ലക്ഷ്യം പിഴയ്ക്കാറില്ല. 1425 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ ആദ്യ ദിശാനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് നിശ്ചയപ്രകാരം ഭ്രമണപഥത്തിലെത്തിച്ചാണ് പിഎസ്എല്‍വി വീണ്ടും കരുത്തു തെളിയിച്ചതും. അമേരിക്കയുടെ ജിപിഎസിന് ബദലായി വികസിപ്പിച്ച നാവിഗേഷന്‍ ഉപഗ്രഹവുമായി ജൂലൈ ഒന്നിന് രാത്രി 11.41നാണ് കുതിച്ചുയര്‍ന്നത്. എക്സ്എല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി റോക്കറ്റ് മുന്‍ നിശ്ചയിച്ച പാതയിലൂടെ 501 കിലോമീറ്റര്‍ ഉയരത്തിലുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചു. ലോകത്തുതന്നെ ഏറ്റവും വിശ്വസനീയമെന്നു വിശേഷിപ്പിക്കുന്ന വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 24-ാമത് വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നടന്നത്. പിഎസ്എല്‍വിയുടെ ചരിത്രത്തില്‍ ഒരിക്കലേ പരാജയം ഉണ്ടായിട്ടുള്ളു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഐഎസ്ആര്‍ഒയുടെ സ്വന്തമായി വികസിപ്പിച്ച പിഎസ്എല്‍വി 93 സെപ്തംബര്‍മുതലാണ് വിക്ഷേപണ വാഹനമായി ഉപയോഗിച്ചുതുടങ്ങിയത്.

ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായ വിജയക്കുതിപ്പും. നാല്‍പ്പതിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. വിദേശ ഉപഗ്രഹങ്ങളും ഇവയില്‍പ്പെടും. ചാന്ദ്ര മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ചന്ദ്രയാന്‍ ഒന്നിന്റെ വിജയവും പിഎസ്എല്‍വിയുടേതായിരുന്നു. അടുത്ത ഒക്ടോബറില്‍ ചൊവ്വാപര്യവേഷണ ഉഗ്രഹമായ മംഗള്‍യാനിന്റെ തേരാളിയും പിഎസ്എല്‍വിയാണ്. ഒന്നിനു പിറകെ മറ്റൊന്നായി ഒന്നിലധികം ഉപഗ്രഹങ്ങളെ വിക്ഷേപിച്ചും പിഎസ്എല്‍വി ശേഷി തെളിയിച്ചു. 1000 കിലോഗ്രാമിനുമുകളില്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമ സ്ഥിരഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശേഷിയും ഐഎസ്ആര്‍ഒ നേടിക്കഴിഞ്ഞു. പിഎസ്എല്‍വി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ.് എല്‍പിഎസ്സിയും ഐഐഎസ്യുവും യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തിന് പ്രമുഖ പങ്കുവഹിച്ചു. വിക്ഷേപണവാഹനത്തിലെ രണ്ടും മൂന്നും ഭാഗങ്ങളിലുള്ള എന്‍ജിനുകള്‍ എല്‍പിഎസ്സിയാണ് വികസിപ്പിച്ചത്.

ഇന്ത്യയും മുന്‍നിരയിലേക്ക്

ദിശാനിര്‍ണയ ശ്രേണിയില്‍ അംഗീകാരമുള്ള സംവിധാനം അമേരിക്കയുടെ ജിപിഎസ് എന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ്. ഇതിന് 24 കൃത്രിമ ഉപഗ്രഹങ്ങളാണ് ആവശ്യമുള്ളത്. 20 വര്‍ഷം മുമ്പാണ് ഇത് ആരംഭിച്ചത്. റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) സജീവമാണ്. ഇതിനും 24 ഉപഗ്രഹങ്ങളാണ് ആവശ്യമുള്ളത്. യൂറോപ്പിന്റെ ഗലീലിയോ സിസ്റ്റം പ്രാരംഭദിശയിലാണ്. 2019ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നു പ്രതീക്ഷിക്കുന്ന ഈ സംവിധാനത്തിന് 27 ഉപഗ്രഹങ്ങള്‍ വേണം. } ചൈനയുടെ ബിഎസ്എന്‍എസ് കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനം തുടങ്ങി. ഇത് പൂര്‍ണമാകുമ്പോള്‍ 37 ഉപഗ്രഹങ്ങള്‍ ആവശ്യമായി വരും. ജപ്പാന്റെ ക്യൂഇസഡ്എസ്എസ് പ്രാരംഭദിശയിലാണ്. മൂന്ന് ഉപഗ്രഹങ്ങള്‍ ആവശ്യമായ ഈ പദ്ധതിയുടെ ആദ്യ കൃത്രിമ ഉപഗ്രഹം 2010 സെപ്തംബറിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ ദിശാനിര്‍ണയ സ്വപ്നപദ്ധതിക്ക് ആകെ ആവശ്യം ഏഴ് കൃത്രിമ ഉപഗ്രഹങ്ങളാണ്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ വിക്ഷേപിച്ചത്.