Wednesday, June 25, 2014

ഒരു ഗാലക്‌സിയില്‍ രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തി


പാരീസ്: ഒരു നക്ഷത്രസമൂഹത്തില്‍ രണ്ട് അതിഭീമന്‍ തമോഗര്‍ത്തമെന്ന അപൂര്‍വ പ്രതിഭാസം യൂറോപ്യന്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി 'എക്‌സ്.എം എം. ന്യൂട്ടണ്‍ 'കണ്ടെത്തി. ഒരു സാധാരണ നക്ഷത്രസമൂഹത്തില്‍ (ഗാലക്‌സിയില്‍) രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം അപൂര്‍വമാണ്. 

ഭൂമിയില്‍നിന്ന് 200 കോടി പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രസമൂഹത്തിലാണ് രണ്ട് കൂറ്റന്‍ തമോഗര്‍ത്തങ്ങളുള്ളത്. ഭീമന്‍ നക്ഷത്രങ്ങളാണ് ഇന്ധനം എരിഞ്ഞുതീര്‍ന്ന് അവസാനം തമോഗര്‍ത്തങ്ങളായി പരിണമിക്കുന്നത്.

സാധാരണ ഗാലക്‌സികളുടെ കേന്ദ്രഭാഗത്ത് ഒരു ഭീമന്‍ തമോഗര്‍ത്തമാണുണ്ടാവുക. രണ്ട് നക്ഷത്രസമൂഹങ്ങള്‍ ലയിച്ചതുകൊണ്ടാവാം രണ്ട് അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ ഇങ്ങനെ കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

നക്ഷത്രസമൂഹത്തിന്റെ മധ്യത്തില്‍ തമോഗര്‍ത്തങ്ങള്‍ പരസ്പരം വലംവെക്കുകയാണെന്ന് ചൈന പീക്കിങ് സര്‍വകലാശാലയിലെ ഫുകുന്‍ ലിയു വ്യക്തമാക്കി. 

ഗാലക്‌സികളുടെ ലയനം സംബന്ധിച്ച് കൂടുതല്‍ പഠനത്തിന് കണ്ടെത്തല്‍ സഹായമാവും. 'ദി ആസ്‌ട്രോ ഫിസിക്കല്‍ ജേണല്‍' മെയ് 10 ലക്കത്തില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ചിത്രം കടപ്പാട് : ESA - C. Carreau )

http://www.mathrubhumi.com/technology/science/supermassive-black-hole-galaxy-black-hole-astronomy-science-xmm-newton-449113/

No comments:

Post a Comment