Wednesday, June 25, 2014

നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം വെളിവായി

സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് പിന്നില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസം 

തിളക്കത്തിന്റെ ആധിക്യംകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് വര്‍ഷങ്ങളോളം തര്‍ക്കവിഷയമായിരുന്ന നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം ഒരുസംഘം ഗവേഷകര്‍ അനാവരണം ചെയ്തു. സൂപ്പര്‍നോവയ്ക്കിപ്പുറം സ്ഥിതിചെയ്യുന്ന ഗാലക്‌സിയുടെ സാന്നിധ്യം മൂലമുള്ള 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസമാണ്, സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് കാരണമത്രേ.

2010 ല്‍ കണ്ടുപിടിച്ച PS1-10afx എന്ന സൂപ്പര്‍നോവയാണ്, ജ്യോതിശാസ്ത്രജ്ഞരില്‍ അമ്പരപ്പ് സൃഷ്ടിച്ചത്. ഭൂമിയില്‍നിന്ന് 900 കോടി പ്രകാശവര്‍ഷമകലെയുള്ള ഗാലക്‌സിയിലാണ്സൂപ്പര്‍നോവ ( Supernova ) സ്‌ഫോടനമുണ്ടായത്.

അതൊരു സാധാരണ സൂപ്പര്‍നോവ ആയിരുന്നില്ല. Type Ia സൂപ്പര്‍നോവയുടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും, അതിന്റെ തിളക്കം 30 ശതമാനം കൂടുതലായിരുന്നു. അതിന് കാരണം ആര്‍ക്കും വിശദീകരിക്കാനായില്ല, അതൊരു പുതിയയിനം സൂപ്പര്‍നോവ അല്ലേ എന്ന് സംശയമുണര്‍ന്നു.

എന്നാല്‍ , അതൊരു സാധാരണ Type Ia സൂപ്പര്‍നോവ തന്നെയാകാമെന്നും, അധിക തിളക്കത്തിന് കാരണം ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസമാകാമെന്നും കഴിഞ്ഞ വര്‍ഷം ഒരുസംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 



ഭീമന്‍ ഗാലക്‌സിയോ തമോഗര്‍ത്തമോ ലെന്‍സുപോലെ പ്രവര്‍ത്തിച്ച് വിദൂരവസ്തുവില്‍നിന്നുള്ള പ്രകാശത്തെ വക്രീകരിക്കുന്നതിനാണ്
'ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസം' എന്ന് പറയുന്നത്.

തങ്ങളുടെ നിഗമനം ശരിയാണോ എന്ന് പരിശോധിക്കാന്‍ , ടോക്യോ സര്‍വകലാശാലയ്ക്ക് കീഴില്‍ കാവ്‌ലി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.റോബര്‍ട്ട് ക്വിംബിയും സംഘവും ഹാവായിയിലെ കെക് ടെലസ്‌കോപ്പിന്റെ സഹായം തേടി.

ആ ടെലസ്‌കോപ്പുപയോഗിച്ച് സൂപ്പര്‍നോവയുണ്ടായ ഗാലക്‌സിയുടെ പരിസരം നിരീക്ഷിച്ചപ്പോള്‍ , ഇതുവരെ അറിയപ്പെടാത്ത ഒരു ഗാലക്‌സി അവിടെയുള്ളതായി കണ്ടു. അത് ഭൂമിയില്‍നിന്ന് 850 കോടി പ്രകാശവര്‍ഷം അകലെയാണെന്നും നിരീക്ഷണത്തില്‍ മനസിലായി. ആ ഗാലക്‌സിയിലേറെയും മങ്ങിയ നക്ഷത്രങ്ങളാണ്. അതുകൊണ്ടാണ് ഇതുവരെ അത് നീരീക്ഷിക്കപ്പെടാതിരുന്നത്.

ആ 'അജ്ഞാത ഗാലക്‌സി' ഒരു ഗ്രാവിറ്റേഷണല്‍ ലെന്‍സായി പ്രവര്‍ത്തിച്ചതിനാലാണ്, Type Ia സൂപ്പര്‍നോവകളെക്കാള്‍ തിളക്കത്തില്‍ PS1-10afx കാണപ്പെടാന്‍ ഇടയായതെന്ന്, പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു (കടപ്പാട് : സയന്‍സ് മാഗസിന്‍ ) 


http://www.mathrubhumi.com/technology/science/supernova-space-science-physics-astronomy-ps1-10afx-gravitational-lens-449393/

No comments:

Post a Comment