Wednesday, June 25, 2014

ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം അപൂര്‍വ ഗാലക്‌സി കണ്ടെത്തി

ഗവേഷകസംഘത്തില്‍ നാലുമലയാളികള്‍

കല്പറ്റ: ഇതുവരെ കണ്ടെത്തിയതില്‍ നീളം കൂടിയ റേഡിയോ ജെറ്റുകളുള്ള ൈസ്പറല്‍ ഗാലക്‌സിയെ ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം കണ്ടെത്തി. പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സിലെ ശാസ്ത്രജ്ഞന്‍ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് അപൂര്‍വതകളുള്ള ഗാലക്‌സി കണ്ടെത്തിയത്.

ഭൂമിയില്‍ നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗാലക്‌സിയില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്.സ്‌ൈപറല്‍ ഗാലക്‌സിയില്‍ നിന്നുമുള്ള റേഡിയോ െജറ്റുകള്‍ക്ക് സാധാരണ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളൂ. ഗാലക്‌സികളുടെ നടുവിലുള്ള തമോഗര്‍ത്തങ്ങള്‍ ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍ കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്ക് തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റ് എന്ന പ്രതിഭാസത്തിന് പിന്നില്‍. ൈസ്പറല്‍ ഗാലക്‌സികളില്‍ സാധാരണ കുറഞ്ഞ പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

എന്നാല്‍, സ്‌പെക്ട്രോസ്‌കോപ്പി പഠനങ്ങളില്‍ നിന്ന് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിന് തുല്യമായ പിണ്ഡമുള്ള തമോഗര്‍ത്തം ഉണ്ടെന്നാണ് കണ്ടെത്തിയത്.

മറ്റൊരു പ്രത്യേകത ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ലെന്നതാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോ ബള്‍ജ് ഗണത്തില്‍ പെടുന്ന ൈസ്പറല്‍ ഗാലക്‌സിയാണ്. ഒരു സ്യുഡോ ബള്‍ജ് ഗാലക്‌സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോഗര്‍ത്തം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ ഗാലക്‌സിയുടെ കറക്കവേഗവും സാധാരണ ഗാലക്‌സികളേക്കാള്‍ വളരെ കൂടുതലാണ്.

പുണെയിലുള്ള ജയ്ന്റ് മീറ്റര്‍ വേവ് റേഡിയോ ടെലസ്‌കോപ്പിന്റെയും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവല്ലി ഒബ്‌സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു കണ്ടുപിടിത്തം.

ഗവേഷണസംഘത്തിലെ നാലുപേര്‍ മലയാളികളാണ്. ഡോ. എം. വിവേക് (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, പുണെ ) ഡോ. വി. വിനു (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, യു.എസ്.എ.), ഡോ. ജോ. ജേക്കബ് (ന്യൂമാന്‍ കോളേജ്, തൊടുപുഴ), കെ.ജി. ബിജു (ഡബ്ലൂു.എം.ഒ.കോളേജ്, മുട്ടില്‍, വയനാട്) എന്നിവരാണ് ഗവേഷണസംഘത്തിലെ മലയാളികള്‍.
ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


http://www.mathrubhumi.com/technology/science/astronomy-science-spiral-galaxy-redio-jets-indian-scientists-463448/

No comments:

Post a Comment