Thursday, July 24, 2014

അന്യഗ്രഹത്തിന്റെ കൃത്യ അളവുമായി ഗവേഷകര്‍


സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ കൃത്യമായ അളവെടുക്കുന്നതില്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ആദ്യമായി വിജയിച്ചു. ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയുള്ള 'കെപ്ലര്‍-93ബി' ( Kepler-93b ) ഗ്രഹത്തിന്റെ വ്യാസം ഏതാണ്ട് കൃത്യമായി കണക്കാക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

നാസയുടെ സ്പിറ്റ്‌സര്‍, കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പുകള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് അന്യഗ്രഹത്തിന്റെ (Exoplanet) അളവ് കണക്കാക്കാന്‍ സാധിച്ചത്. 18,800 കിലോമീറ്റര്‍ ആണ് കെപ്ലര്‍-93ബിയുടെ വ്യാസം. ഇതില്‍നിന്ന് ഏറിയാല്‍ 240 കിലോമീറ്ററിന്റെ വ്യത്യാസം ഗ്രഹത്തിന്റെ അളവില്‍ വരാം എന്നും ഗവേഷകര്‍ കരുതുന്നു.

ഭൂമിയുടെ വ്യാസം 12,742 കിലോമീറ്ററാണ്. അതുവെച്ച് നോക്കിയാല്‍, 'സൂപ്പര്‍ ഭൂമി'യെന്ന് കരുതപ്പെടുന്ന കെപ്ലര്‍-93ബിയുടെ വലിപ്പം ഭൂമിയുടെ ഒന്നര മടങ്ങ് വരും. 

മുമ്പ് ഹാവായിലെ കെക്ക് ഒബ്‌സര്‍വേറ്ററി നടത്തിയ നിരീക്ഷണം അനുസരിച്ച്, കെപ്ലര്‍-93ബിയുടെ ദ്രവ്യമാനം ഭൂമിയുടേതിന് 3.8 മടങ്ങ് എന്നാണ് കരുതിയിരുന്നത്. പുതിയതായി നടത്തിയ അളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ സാന്ദ്രത കണക്കാക്കിയ ഗവേഷര്‍ എത്തിയ നിഗമനം, കെപ്ലര്‍-93ബി ഗ്രഹം ഭൂമിയെപ്പോലെ ഇരുമ്പും പാറകളുംകൊണ്ടുള്ളതാകാം എന്നാണ്. 

1800 ലേറെ അന്യഗ്രഹങ്ങളെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നിന്റെയും കൃത്യമായ അളവ് ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ആദ്യമായാണ് ഒരു അന്യഗ്രഹത്തിന്റെ വ്യാസം ഇത്ര കൃത്യമായി മനസിലാക്കാന്‍ സാധ്യമായതെന്ന്, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ പുതിയലക്കം'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കെപ്ലര്‍-93ബിയുടെ മാതൃനക്ഷത്രം ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 90 ശതമാനം വലിപ്പവും ദ്രവ്യമാനവും (പിണ്ഡവും) ഉള്ള നക്ഷത്രമാണത്. ഭൂമിയുടെ ഒന്നര മടങ്ങ് വലിപ്പമുണ്ടെങ്കിലും, കെപ്ലര്‍-93ബിക്ക് അതിന്റെ മാതൃനക്ഷത്രത്തില്‍നിന്നുള്ള ദൂരം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തിന്റെ ആറിലൊന്നേ വരൂ. 

ഇതിനര്‍ഥം, കെപ്ലര്‍-93ബിയുടെ പ്രതലത്തിലെ ഊഷ്മാവ് 760 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ്. അതിനാല്‍, അവിടെ ജീവനുണ്ടാകാന്‍ സാധ്യതയില്ല (കടപ്പാട് : Jet Propulsion Laboratory/NASA ).

http://www.mathrubhumi.com/technology/science/astronomy-exoplanet-science-nasa-space-kepler-93b-kepler-telescope-spitzer-telescope-471723/

No comments:

Post a Comment