Friday, November 14, 2014

2014 നവംബറിലെ ആകാശം

2014 നവംബറിലെ ആകാശം



ബഹിരാകാശ സംഭവങ്ങളില്‍ ഈ മാസത്തെ പ്രധാനപ്പെട്ടത് ഫിലെ പേടകം  67പി/സി-ജി എന്ന ധൂമകേതുവിലിറങ്ങുന്നത് തന്നെയായിരിക്കും. എന്നാല്‍ ഈ മാസത്തെ പ്രധാനപ്പെട്ട ആകാശക്കാഴ്ച ചിങ്ങക്കൊള്ളി എന്ന് കേരളീയര്‍ വിളിച്ചിരുന്ന ലിയോണിഡ് ഉല്‍ക്കാവര്‍ഷമാണ്. മഞ്ഞു തൂങ്ങി നില്‍ക്കുന്ന നവംബറിലെ ഇരുണ്ട രാത്രികളില്‍ ചിങ്ങം നക്ഷത്രക്കൂട്ടത്തിനിടയില്‍ നിന്നും കൊള്ളിമീനുകള്‍ ഊര്‍ന്നിറങ്ങി വരുന്നതു കാണാന്‍ എന്തു രസമായിരിക്കും. 17,18 തിയ്യതികളിലാണ് ഇതു കൂടുതല്‍ ശക്തമാകുക. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ അമ്പതിലേറെ ഉല്‍ക്കകള്‍ വീഴുമെന്നാണ് കണക്ക്. രാത്രി രണ്ടുമണിക്കു മുമ്പായി ചന്ദ്രക്കലയുമായായിരിക്കും ചിങ്ങത്തിന്റെ വരവ്. അത്താഴസമയത്ത് ആകാശത്ത് ധനു, മകരം, കുംഭം, മീനം, മേടം എന്നീ സൗരരാശികള്‍ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് നിരന്നു കിടക്കുന്നുണ്ടായിരിക്കും. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മേടം രാശിയിലെ അശ്വതി നക്ഷത്രത്തിനടുത്തേക്ക് സൂര്യന്‍ കടക്കുന്ന ദിവസമായിരുന്നത്രെ സമരാത്ര ദിവസങ്ങളായി അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ട് അന്നതിനെ പൂര്‍വ്വവിഷുവമായി കണക്കാക്കി. എന്നാല്‍ ഇന്ന് ഇതനുഭവപ്പെടുന്നത് മീനത്തിലെ രേവതി നക്ഷത്രത്തിനടുത്താണ്. എങ്കിലും വിഷു നമുക്ക് ഇപ്പോഴും മേടം ഒന്നിനു തന്നെയാണ്. ബുധനെ കാണാന്‍ പറ്റിയ മാസമാണിത്. നവംബറിലെ ആദ്യനാളുകളില്‍ സൂര്യോദയത്തിനു മുമ്പായി കന്നി രാശിയില്‍ ബുധനെ കാണാം. നവംബര്‍ ഒന്നിന് 5.04ന് ഉദിക്കുന്ന ബുധന്‍ 15ന് 5.29നും 30ന് 6.11ന് സൂര്യോദയത്തിനു തൊട്ടു മുമ്പായും ഉദിക്കും. ശുക്രന്‍, ശനി എന്നിവ തുലാം രാശിയില്‍ സൂര്യനോടൊപ്പം സഞ്ചരിക്കുന്നതു കൊണ്ട് കണ്ടെത്തുക വിഷമകരമായിരിക്കും. ചൊവ്വയെ സൂര്യാസ്തനമത്തിനു ശേഷം ധനു രാശിയില്‍ കാണാന്‍ കഴിയുമെങ്കിലും ഭൂമിയില്‍ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട് തിളക്കം വളരെ കുറവായിരിക്കും. രാത്രി ഒമ്പതരയോടു കൂടി അസ്തമിക്കും. ഈ മാസം ഏറ്റവും നന്നായി കാണാന്‍ കഴിയുന്ന ഗ്രഹം വ്യാഴം തന്നെയാണ്. രാത്രി പന്ത്രണ്ടരയോടെ ചിങ്ങം രാശിയോടൊപ്പം വ്യാഴം ഉദിച്ചു വരും. ഒരു ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉണ്ടെങ്കില്‍ വ്യാഴത്തിനു ചുറ്റും നൃത്തം ചെയ്യുന്ന നാലു ഗലീലിയന്‍ ഉപഗ്രഹങ്ങളെയും കാണാം. - 


തയ്യാറാക്കിയത്: ഷാജി അരിക്കാട്

See more at: http://luca.co.in/sky-in-november/#sthash.1Q7sdUj9.dpuf

No comments:

Post a Comment