Friday, November 14, 2014

ഫിലേ വാല്‍നക്ഷത്രത്തില്‍

ഫിലേ വാല്‍നക്ഷത്രത്തില്‍


ബെര്‍ലിന്‍: ബഹിരാകാശ ഗവേഷണരംഗത്ത് ചരിത്രംകുറിച്ച് ഭൂമിയില്‍നിന്ന് കോടാനുകോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍ മനുഷ്യനിര്‍മിത പേടകം ഇറങ്ങി. വാല്‍നക്ഷത്രം ചുര്യമോവ്ഗരാസിമെങ്കൊയിലാണ് (67.പി) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസറ്റ മാതൃപേടകത്തില്‍നിന്ന് വേര്‍പെട്ട് ഫിലേ ലാന്‍ഡര്‍ പേടകം ഇറങ്ങിയത്.

ഇന്ത്യന്‍സമയം പകല്‍ രണ്ടരയോടെയാണ് വാല്‍നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍നിന്ന് 22.5 കിലോമീറ്റര്‍ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങിയത്. ലക്ഷ്യത്തിലേക്കുള്ള ഫിലേയുടെ യാത്ര ഏതാണ്ട് ഏഴുമണിക്കൂര്‍ നീണ്ടു.

സൗരയൂഥത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഈ ചരിത്രദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ജര്‍മനിയിലെ ദാംസ്റ്റാഡിലുള്ള ദൗത്യനിയന്ത്രണകേന്ദ്രത്തില്‍ മാതൃപേടകത്തില്‍നിന്ന് പരീക്ഷണ ഉപകരണങ്ങളടങ്ങിയ ഫിലേ വേര്‍പെട്ടെന്ന സന്ദേശം ലഭിച്ചതോടെ ശാസ്ത്രജ്ഞരുടെ ആഹ്ലാദം അണപൊട്ടി.

ഫിലേയുടെ മാതൃപേടകത്തില്‍നിന്നുള്ള വേര്‍പെടല്‍ കുറ്റമറ്റതായിരുന്നെന്ന് റോസറ്റ ഫ്ലൈറ്റ് ഡയറക്ടര്‍ ആന്‍ഡ്രിയ അക്കൊമാസൊ പറഞ്ഞു. വേര്‍പെടലിന് രണ്ടുമണിക്കൂറിനുശേഷം ഫിലേയുമായുള്ള ബന്ധം ശാസ്ത്രജ്ഞര്‍ പുനഃസ്ഥാപിച്ചു. അലക്കുയന്ത്രത്തിന്റെ വലിപ്പമുള്ള ഫിലേക്ക് നൂറുകിലോ ഭാരമുണ്ട്. വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശപേടകമാണ് ഫിലേ.


2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ച വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കുന്നത്.

മാതൃപേടകത്തില്‍നിന്ന് വേര്‍പെട്ടുകഴിഞ്ഞശേഷം പേടകത്തിനുള്ളിലെ ഗതിനിയന്ത്രണ സംവിധാനങ്ങളാണ് അതിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറക്കിയത്. ദാംസ്റ്റാഡിലുള്ള ഇസയുടെ ദൗത്യനിയന്ത്രണകേന്ദ്രം ഫിലേയുടെ സഞ്ചാരപഥം നിരീക്ഷിച്ചു.

വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങിക്കഴിഞ്ഞാല്‍ ഫിലേ ജോലി ആരംഭിക്കും. പേടകത്തില്‍ സജ്ജീകരിച്ച മൈക്രോ ക്യാമറകള്‍ ഉപയോഗിച്ച് പേടകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ വിശദമായി പകര്‍ത്തിയെടുക്കും. തുടര്‍ന്നുള്ള ദിനങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ നടത്തേണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ളതാണ്. ഇതിനായി വൈവിധ്യമുള്ള പത്ത് ഉപകരണങ്ങളാണ് ഫിലേയില്‍ ക്രമീകരിച്ചിട്ടുള്ളത്. റോസറ്റ പേടകത്തിലെ 11 ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെയാണിത്.

മാതൃപേടകവും ഫിലേയും വാല്‍നക്ഷത്രത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന സമയത്ത് ഫിലേയില്‍നിന്ന് റോസറ്റയിലേക്കയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ആന്തരികഘടന മനസ്സിലാക്കാന്‍ സഹായിക്കും.


റോസറ്റ പിന്നിട്ട വഴികള്‍

2004 മാര്‍ച്ച് രണ്ട്ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് റോസറ്റ വിക്ഷേപിച്ചു

2007 ഫിബ്രവരി 25പേടകം ചൊവ്വയുടെ വലയത്തില്‍. പേടകത്തില്‍ നിന്നുള്ള റേഡിയോ സന്ദേശം നിലച്ചു. 15 മിനിറ്റ് നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ റോസറ്റ ചൊവ്വയുടെ ഭീഷണി മറികടന്നു

2008 സപ്തംബര്‍ 5പേടകം ഭൂമിയില്‍ നിന്ന് 25 കോടി മൈല്‍ അകലെ വെച്ച് 'സ്റ്റെയ്ന്‍സ്' എന്ന ഛിന്നഗ്രഹത്തെ മറികടന്നു. ഒന്നരമണിക്കൂര്‍ നേരം പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

2010 ജൂലായ് 10 വ്യാഴം, ചൊവ്വ എന്നിവയുടെ ഇടയില്‍ വെച്ച് 'ലുറ്റേഷ്യ; എന്ന ഛിന്നഗ്രഹത്തിന്റെ അപൂര്‍വ ചിത്രം പകര്‍ത്തി.

2014 ജനവരി 20 മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഭൂമിയിലേക്ക് സിഗ്‌നല്‍ അയച്ചു. ഇന്ധനനഷ്ടം കുറയ്ക്കാന്‍ 31 മാസം പേടകത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

2014 ആഗസ്ത് ആറ്67 പി എന്നറിയപ്പെടുന്ന ചുര്യമോവ്ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിന് സമീപത്തെത്തി

2014 നവംബര്‍ 12റോസറ്റയിലെ ഫിലേ പേടകം വാല്‍നക്ഷത്രം വിജയകരമായി ഇറങ്ങി

http://www.mathrubhumi.com/technology/science/rosetta-mission-churyumov-garasimento-comet-astronomy-science-european-space-agency-esa-67p-comet-space-mission-philae-499287/


No comments:

Post a Comment