Friday, November 14, 2014

ഫിലേ പേടകം വാല്‍നക്ഷത്രത്തിലിറങ്ങി



ഫിലേ പേടകം വാല്‍നക്ഷത്രത്തിലിറങ്ങി

ബെര്‍ലിന്‍: ബഹിരാകാശപര്യവേക്ഷണചരിത്രത്തില്‍ ആദ്യമായി മനുഷ്യനിര്‍മിത പര്യവേക്ഷണവാഹനം വാല്‍നക്ഷത്രത്തില്‍ ഇറങ്ങി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റോസറ്റ പേടകത്തില്‍നിന്ന് ഫിലേ എന്ന ചെറുപേടകം വേര്‍പെട്ട് വാല്‍നക്ഷത്രത്തിന്റെ പ്രതലത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതിന് സ്ഥിരീകരണം ലഭിച്ചെന്ന് ജര്‍മനിയിലെ നിയന്ത്രണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന, ഐസും പൊടിപടലങ്ങളും മൂടിക്കിടക്കുന്ന 67പി/ചൂര്യമോവ്-ഗരാസിമെങ്കോ എന്ന വാല്‍നക്ഷത്രത്തിലാണ് ഫിലേ പേടകം നിര്‍ണായക ലാന്‍ഡിങ് നടത്തിയത്.
മാതൃപേടകത്തില്‍നിന്ന് വിജയകരമായി വേര്‍പെട്ട പേടകം വാല്‍നക്ഷത്രത്തെ ഏഴുമണിക്കൂര്‍ ഭ്രമണം നടത്തിയശേഷമാണ് ലാന്‍ഡിങ് നടത്തിയത്. പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച പേടകം 600 കോടി കിലോമീറ്ററോളം സഞ്ചരിച്ചാണ് വാല്‍നക്ഷത്രത്തില്‍ എത്തിയത്. പേടകത്തിന്റെ സഞ്ചാരം അതീവശ്രദ്ധയോടെയാണ് ബഹിരാകാശശാസ്ത്രലോകം വീക്ഷിക്കുന്നത്.നാലു കിലോമീറ്റര്‍ വരെ വീതിയുള്ള മഞ്ഞുപര്‍വതമായ വാല്‍ നക്ഷത്രത്തില്‍ ഗുരുത്വാകര്‍ഷണം വളരെ കുറവാണ് എന്നത് ഫിലേയുടെ ലാന്‍ഡിങ്ങിനെ വിഷമകരമാക്കി. വാല്‍നക്ഷത്രത്തിന്റെ സമതലപ്രതലത്തില്‍ തന്നെ പേടകം ഇറങ്ങണമെന്നതും ദൗത്യത്തെ നിര്‍ണായകമാക്കി.
വാല്‍നക്ഷത്രത്തിന്റെ പ്രതലത്തിന്റെ ചിത്രങ്ങളും രാസഘടനയും പേടകം ശേഖരിക്കും. മനുഷ്യരാശി വലിയ ചുവടുവയ്പാണ് നടത്തിയതെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജീന്‍-ജാക്വസ് ദോര്‍ഡായിന്‍ പ്രതികരിച്ചു.സൗരയൂഥത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ലഭിക്കാന്‍ ദൗത്യത്തിലൂടെ കഴിയും. ജലവും ജൈവതന്മാത്രകളും ആദിമകാലത്ത് ഭൂമിയില്‍ എത്തിയത് വാല്‍നക്ഷത്രങ്ങളില്‍ നിന്നാണോ എന്ന് ദൗത്യത്തിലൂടെ വ്യക്തമാകും. 2004ലാണ് വാല്‍നക്ഷത്ര ദൗത്യത്തിനായി യൂറോപ്യന്‍ യൂണിയന്‍ ബഹിരാകാശ ഏജന്‍സി റോസറ്റ പേടകം വിക്ഷേപിച്ചത്. 100 കോടി പൗണ്ടാണ് ദൗത്യത്തിന്റെ ചെലവ്.
- See more at: http://www.deshabhimani.com/news-special-all-latest_news-415940.html#sthash.SaTuY8mI.dpuf


No comments:

Post a Comment