Wednesday, April 1, 2015

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍, ഉപരിതലത്തിലെ മഞ്ഞുപാളിക്കടിയില്‍ സമുദ്രമുണ്ട് എന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്

വ്യാഴഗ്രഹവും ഉപഗ്രഹമായ ഗാനിമീഡും -ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/ESA 


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍ ( Ganymede ) സമുദ്രമുണ്ട് എന്ന നിഗമനത്തിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ഗവേഷകര്‍.

വ്യാഴത്തിന്റെ ആ ഉപഗ്രഹത്തില്‍ മഞ്ഞുറഞ്ഞ പുറന്തോടിനുള്ളില്‍ സമുദ്രമുണ്ടെന്നതിന്, ഹബ്ബില്‍ സ്‌പേസ് ടെലസ്‌കോപ്പില്‍ നിന്നാണ് കുടുതല്‍ തെളിവെത്തിയത്. വാസയോഗ്യമായ ഒരു ലോകമാണോ ഗാനിമീഡിലേതെന്ന ആകാംക്ഷയുണര്‍ത്തുന്നതാണ് പുതിയ വിവരങ്ങള്‍.

ഗാനിമീഡിനെ അടുത്തു ചെന്ന് നിരീക്ഷിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'ജൂസ് പേടകം' ( Juice probe ) 2022 ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്.

നാസയുടെ 'ഗലീലിയോ ദൗത്യം' 2000 ത്തിന്റെ തുടക്കത്തില്‍ ഗാനിമീഡ് ഉപഗ്രഹത്തെ നിരീക്ഷിച്ചിരുന്നു. 5300 കിലോമീറ്റര്‍ വിസ്താരമുള്ള ആ ഉപഗ്രഹത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സമുദ്രമുണ്ടെന്ന സൂചനയും ഗലീലിയോ നല്‍കുകയുണ്ടായി.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം എന്നത് മാത്രമല്ല ഗാനിമീഡിന്റെ സവിശേഷത. സ്വന്തമായി കാന്തികമണ്ഡലമുണ്ട് അതിന്.

ഗാനിമീഡിന്റെ കാന്തികമണ്ഡലത്തെയാണ് ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സസൂക്ഷ്മം നിരീക്ഷിച്ചത്. ആ നീരീക്ഷണ ഡേറ്റയില്‍നിന്ന് ഉപഗ്രഹത്തിന്റെ ആന്തരഘടന നിരൂപിച്ചെടുക്കാന്‍ ഗവേഷകര്‍ക്കായി. ലണംശമുള്ള സമുദ്രം ഉപഗ്രഹത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത് അങ്ങനെയാണ്.

ഗാനിമീഡിലെ സമുദ്രത്തിന് 330 കിലോമീറ്ററില്‍ കൂടുതല്‍ ആഴമുണ്ടാകാന്‍ സാധ്യതയില്ലെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ കൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോഹിം സൗര്‍ പറഞ്ഞു.

ജീവന്റെ നിലനില്‍പ്പില്‍ ഏറ്റവും പ്രധാനഘടകമാണ് ജലസാന്നിധ്യം. ഗാനിമീഡില്‍ സമുദ്രമുണ്ടെന്ന സൂചന അതുകൊണ്ട് തന്നെ ഗവേഷകരെ ആവേശംകൊള്ളിക്കുന്നു.

http://www.mathrubhumi.com/technology/science/ganymede-solar-system-subsurface-ocean-jupiter-moon-hubble-space-telescope-astronomy-juice-probe-530481/

No comments:

Post a Comment