Thursday, May 7, 2015

ചെറിയ നക്ഷത്രവും വലിയ ഗ്രഹവും; ആകാംക്ഷയുണര്‍ത്തി പുതിയ കണ്ടെത്തല്‍

ചെറിയ നക്ഷത്രവും വലിയ ഗ്രഹവും; ആകാംക്ഷയുണര്‍ത്തി പുതിയ കണ്ടെത്തല്‍


ഓസ്‌ട്രേലിയയില്‍ പെര്‍ത്തിലുള്ള അമേച്വര്‍ വാനനിരീക്ഷകന്‍ ടി ജി ടാന്‍ പുതിയ ഗ്രഹത്തെ തിരിച്ചറിയുന്നതില്‍ സഹായിച്ചു

പുതിയതായി തിരിച്ചറിഞ്ഞ ഭീമന്‍ഗ്രഹം - ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി

ഭൂമിയില്‍നിന്ന് 500 പ്രകാശവര്‍ഷമകലെ ഒരു ചെറുനക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. സൗരയൂഥത്തിലെ വ്യാഴത്തിന്റത്ര വലിപ്പമുള്ള ഗ്രഹത്തെയാണ് ഓസ്‌ട്രേലിയന്‍ വാനനിരീക്ഷകര്‍ കണ്ടെത്തിയത്.

'എം കുള്ളന്‍' ( M dwarf ) വിഭാഗത്തില്‍ പെടുന്ന നക്ഷത്രത്തെ ചുറ്റുന്ന ഇത്ര വലിയൊരു ഗ്രഹം എങ്ങനെയുണ്ടായി എന്നത് ജ്യോതിശാസ്ത്രജ്ഞരെ കുഴക്കുകയാണ്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് ഗ്രഹത്തിന്റെ ഭ്രമണപഥം.

'ഗ്രഹം ദൂരെയെവിടെയെങ്കിലും രൂപപ്പെട്ടിട്ട് നക്ഷത്രത്തിനടുത്തേക്ക് കുടിയേറിയതാകാം. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്ന് നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് വിശദീകരിക്കാനാവുന്നില്ല' -ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോര്‍ജ് ഷോവു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

HATS-6 എന്ന് പേരുള്ള എം കുള്ളന്‍ നക്ഷത്രത്തിനടുത്താണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. സൂര്യനെക്കാള്‍ വലിപ്പവും തിളക്കവും കുറഞ്ഞ 'ചുവപ്പ് കുള്ളന്‍' നക്ഷത്രങ്ങളുടെ കൂട്ടത്തിലാണ് എം കുള്ളന്‍മാര്‍ ഉള്‍പ്പെടുന്നത്.

ആകാശഗംഗയില്‍ ഇത്തരം നക്ഷത്രങ്ങള്‍ സുലഭമാണെങ്കിലും, അവയെ വേണ്ട രീതിയില്‍ മനസിലാക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. തിളക്കം കുറവായതിനാല്‍ അവയെ നിരീക്ഷിച്ച് പഠിക്കുക ബുദ്ധിമുട്ടാണ്.

ഭീമന്‍ഗ്രഹം ചുറ്റുന്ന നക്ഷത്രത്തിന് സൂര്യന്റെ ഇരുപതിലൊന്ന് തിളക്കമേയുള്ളൂ. ഗ്രഹം ആ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ നിരീക്ഷിച്ചാണ് (സംതരണ മാര്‍ഗം വഴിയാണ്) ഗ്രഹസാന്നിധ്യം തിരിച്ചറിഞ്ഞത്.

ബുധന്റെ ഭ്രമണപഥത്തെ അപേക്ഷിച്ച് പത്തിലൊന്ന് ദൈര്‍ഘ്യമേ, ആ വിദൂര ഗ്രഹത്തിന്റെ ഭ്രമണപഥത്തിനുള്ളൂ എന്ന് നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. 3.3 ദിവസംകൊണ്ട് അത് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നു.

ചെറിയ റോബോട്ടിക് ടെലിസ്‌കോപ്പുകള്‍ വഴിയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പുകളിലൊന്നായ ചിലിയിലെ മാഗല്ലന്‍ ടെലിസ്‌കോപ്പിന്റെ സഹായവും തേടി.

ഗ്രഹം കണ്ടെത്തുന്നതില്‍ അമേച്വര്‍ വാനനിരീക്ഷകന്‍ ടി ജി ടാന്‍ സഹായിച്ചു. പെര്‍ത്തിലെ തന്റെ പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള ചെറുടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ടാന്‍ നിരീക്ഷണം നടത്തുന്നത്. തങ്ങളുടെ വാനനിരീക്ഷണ പദ്ധതികളില്‍ ടാന്‍ സഹായിക്കാറുണ്ടെന്ന് ഷോവു പറയുന്നു.

ആദ്യമായല്ല ടാന്‍ ഒരു അന്യഗ്രഹത്തെ തിരിച്ചറിയുന്ന ഗവേഷണത്തില്‍ ഉള്‍പ്പെടുന്നത്. ഇതുവരെ 11 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ ടാനിന് കഴിഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ വെബ്ബ്‌സൈറ്റ് പറയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജ്യോതിശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് വെളിയില്‍ ഏതാണ്ട് 1800 അന്യഗ്രഹങ്ങള്‍ ( exoplanets ) തിരിച്ചറിഞ്ഞിട്ടുണ്ട്.

http://www.mathrubhumi.com/technology/science/exoplanet-astronomy-planet-m-dwarf-science-542859/

No comments:

Post a Comment