Thursday, May 7, 2015

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി


അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സിയെ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. പ്രപഞ്ചത്തിന് പ്രായം വെറും 67 കോടി വര്‍ഷം മാത്രമുള്ളപ്പോള്‍ രൂപപ്പെട്ട ഗാലക്‌സിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഹാവായില്‍ കെക് ഒബ്‌സര്‍വേറ്ററിയില്‍ നടന്ന നിരീക്ഷണത്തിലാണ് EGS-zs8-1 എന്ന ഗാലക്‌സിയെ തിരിച്ചറിഞ്ഞത്. ആദിമ പ്രപഞ്ചത്തിലെ ഏറ്റവും കൂടുതല്‍ ദ്രവ്യമാനവും തിളക്കമേറിയതുമായ ഒന്നായിരുന്നു ഈ ഗാലക്‌സിയെന്ന് ഗവേഷര്‍ പറയുന്നു.

പുതിയതായി കണ്ടെത്തിയ ഗാലക്‌സിയില്‍നിന്ന് പ്രകാശത്തിന് ഇവിടെയെത്താന്‍ 1300 കോടി വര്‍ഷം സഞ്ചരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. എന്നുവെച്ചാല്‍, ഗാലക്‌സിയുടെ 1300 കോടി വര്‍ഷംമുമ്പുള്ള ദൃശ്യമാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

നിലവില്‍ ആകാശഗംഗയില്‍ നക്ഷത്രങ്ങള്‍ പിറക്കുന്നതിലും 80 മടങ്ങ് വേഗത്തില്‍ നക്ഷത്രജനനം നടക്കുന്ന അവസ്ഥയിലാണ് പുതിയതായി കണ്ടെത്തിയ ഗാലക്‌സിയെന്ന്, 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. യേല്‍ സര്‍വകലാശാലയിലെ പാസ്‌കല്‍ ഓഷ്ചിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

വിദൂരഗാലക്‌സികളെ കണ്ടെത്താന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പും സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പും നടത്തിയ സര്‍വ്വേയുടെ അനന്തരഫലമായാണ്, ഇപ്പോള്‍ തിരിച്ചറിഞ്ഞ വിദൂരഗാലക്‌സിയെ കണ്ടെത്താന്‍ കഴിഞ്ഞത്. 

കെക് ഒബ്‌സര്‍വേറ്ററിയിലെ 10 മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പുകളിലൊന്നായ 'കെക് 1' ( Keck 1 ) ലെ 'മോസ്ഫയര്‍' ( MOSFIRE ) ഉപകരണംകൊണ്ടുള്ള നിരീക്ഷണത്തിലാണ് വിദൂരഗാലക്‌സിയുടെ വിശദാംശങ്ങള്‍ ലഭ്യമായത് (ചിത്രം കടപ്പാട്: NASA, ESA).

http://www.mathrubhumi.com/technology/science/most-distant-galaxy-astronomy-keck-observatory-universe-science-544046/

No comments:

Post a Comment