Saturday, August 1, 2015

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ


പുതിയതായി കണ്ടെത്തിയ ശിലാഗ്രഹം ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സൗരയൂഥത്തിനപ്പുറം കണ്ടെത്തിയതില്‍ ഏറ്റവും അടുത്തുള്ള ശിലാഗ്രഹത്തിന്റെ സാന്നിധ്യം നാസയുടെ സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പ് സ്ഥിരീകരിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഭാവിപഠനത്തിന് പറ്റിയ ലക്ഷ്യസ്ഥാനമാണതെന്ന് കരുതപ്പെടുന്നു. 

HD 219134b എന്ന് പേരിട്ടിട്ടുള്ള അന്യഗ്രഹം, ഭൂമിയില്‍നിന്ന് 21 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണതിന്റെ ഭ്രമണപഥം. അതിനാല്‍ അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയില്ല. 

അന്യഗ്രഹത്തിന്റെ മാതൃനക്ഷത്രത്തെ, ഇരുട്ടുള്ള രാത്രിയില്‍ ധ്രുവനക്ഷത്രത്തിന് സമീപം കാസിയോപ്പിയ താരഗണത്തില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. 

മാത്രമല്ല, മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതായി (സംതരണം സംഭവിക്കുന്നതായി) നിരീക്ഷിക്കുന്ന ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്യഗ്രഹവും HD 219134b ആണ്. അതിനാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് അത് വഴിതുറക്കുന്നു. 

ഇത്തരമൊരു അന്യഗ്രഹം ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം സ്വര്‍ണസമ്മാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വരും പതിറ്റാണ്ടുകളില്‍ ഏറ്റവും വ്യാപകമായി നിരീക്ഷിക്കപ്പെടാന്‍ പോകുന്ന അന്യഗ്രഹങ്ങളിലൊന്നാണിത്-യു.എസില്‍ പസദേനയില്‍ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) യിലെ സ്പിറ്റ്‌സര്‍ ദൗത്യ ശാസ്ത്രജ്ഞന്‍ മൈക്കല്‍ വെര്‍ണര്‍ നാസയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ശിലാഗ്രഹമായ HD 219134b മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യം, ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സ്പിറ്റ്‌സര്‍ സ്ഥിരീകരിച്ച അന്യഗ്രഹം ആദ്യം കണ്ടെത്തിയത് കാനറി ദ്വീപുകളിലുള്ള ഗലീലിയോ നാഷണല്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് താമസിയാതെ 'അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിക്കും. 

നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന് പഠിക്കാന്‍ പറ്റിയ ഒന്നായിരിക്കും ഈ അന്യഗ്രഹമെന്ന്, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ജനീവ ഒബ്‌സര്‍വേറ്ററിയിലെ അറ്റി മോട്ടലേബി പറഞ്ഞു. 

'മിക്ക അന്യനക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. അതുവെച്ചു നോക്കിയാല്‍ ഇതൊരെണ്ണം നമ്മുടെ തൊട്ടയല്‍പ്പക്കത്താണുള്ളത്' -പഠനസംഘത്തിലുള്‍പ്പെട്ട കേംബ്രിഡ്ജിലെ ലാര്‍സ് എ.ബുക്ക്ഹാവ് പറഞ്ഞു.

നമുക്ക് ഏറ്റവും അടുത്ത് കണ്ടെത്തിയിട്ടുള്ള അന്യഗ്രഹം 14.8 പ്രകാശവര്‍ഷമകലെയുള്ള GJ674b ആണ്. പക്ഷേ, അത് ശിലാഗ്രഹമാണോ വാതകഭീമനാണോ എന്ന് മനസിലാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. 

http://www.mathrubhumi.com/technology/science/spitzer-space-telescope-rocky-planet-exoplanet-astronomy-nasa-planet-hd-219134b-565362/

No comments:

Post a Comment